സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേള മെയ് 8 മുതൽ 14 വരെ പൊന്നാനി എ.വി.എച്ച്.എസ് സ്‌കൂളിൽ നടക്കും. മെയ് നാല് മുതൽ നടത്താനിരുന്ന മേള പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രദർശന നഗരിയിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മെയ് എട്ടിലേക്ക് മാറ്റുകയായിരുന്നു. ഉദ്ഘാടന സമ്മേളനം മെയ് എട്ടിന് വൈകീട്ട് 4.30ന് നടക്കും.

മലപ്പുറത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളക്കാണ് പൊന്നാനിയിൽ അരങ്ങൊരുങ്ങുന്നത്. 200 ലധികം സ്റ്റാളുകളും വ്യത്യസ്തമായ കലാപരിപാടികളും സെമിനാറുകളും മേളയുടെ മാറ്റ് വർധിപ്പിക്കും. പൊന്നാനിയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് പ്രദർശന മേളയുടെ കവാടം തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പ്രായക്കാരെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലാണ് മേളയിലെ പ്രദർശന സ്റ്റാളുകൾ തയ്യാറാക്കുന്നത്. 42,000 ചതുരശ്ര അടിയിൽ ശീതീകരിച്ച ജർമ്മൻ ഹാംഗറിൽ 60 സർക്കാർ വകുപ്പുകളുടെ 110 തീം- സർവീസ് സ്റ്റാളുകൾ, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ 130 വിപണന യൂണിറ്റുകൾ എന്നിവ സജ്ജീകരിക്കും.

കുടുംബശ്രീയുടെ മേൽ നോട്ടത്തിൽ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള നടക്കും. എഞ്ചിനീയറിംഗ് കോളെജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ ടെക്‌നോ ഡെമോ, സ്‌പോർട്‌സ് കൗൺസിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ സ്‌പോർട്‌സ്- ചിൽഡ്രൻസ് സോണുകൾ ഉണ്ടാകും. വിവിധ വകുപ്പുകളുടെ 12 സെമിനാറുകറും എല്ലാ ദിവസവും വൈകീട്ട് കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും. കിഫ്ബിക്കു വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് കൺസ്ട്രക്ഷനാണ് ഹാംഗറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുന്നത്.