മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി തലശ്ശേരി താലൂക്ക് അദാലത്ത് മെയ് നാല് വ്യാഴം രാവിലെ പത്ത് മണിക്ക് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കണ്ടറി സ്‌കൂളിൽ പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗം ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയാവും. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിക്കും. എംപി മാർ, എം എൽ എ മാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തളിപ്പറമ്പ്-മെയ് ആറ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ട്, പയ്യന്നൂർ-മെയ് എട്ട് ബോയ്സ് ഹൈസ്‌കൂൾ പയ്യന്നൂർ, ഇരിട്ടി-മെയ് ഒമ്പത് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയം ഇരിട്ടി എന്നിവിടങ്ങളിലാണ് മറ്റ് അദാലത്തുകൾ നടത്തുക. കണ്ണൂർ താലൂക്ക് തല അദാലത്ത് പൂർത്തിയായി.
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദാലത്ത് നടത്തുക. ഇതുവരെ ജില്ലയിൽ ആകെ 3,553 പരാതികൾ ലഭിച്ചിട്ടുണ്ട്. അദാലത്തിൽ നേരിട്ടും പരാതി നൽകാം.
അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ: ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കൈയേറ്റം), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, റവന്യൂ റിക്കവറി-വായ്പതിരിച്ചടവിനുള്ള ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക), പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം/ശല്യം.
അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ, ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം.
വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ.
ആശുപത്രികളിലെ മരുന്ന് ക്ഷാമം, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുളള അനുമതി.