മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ എൽ. സാം ഫ്രാങ്ക്‌ളിൻ 2022-23 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജിന് സമർപ്പിച്ചു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ ലഭ്യമായ 210 പരാതികളിൽ 184 പരാതികൾ തീർപ്പാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. അർഹതപ്പെട്ട വേതന നിഷേധം, തൊഴിൽ നിഷേധം, മേറ്റുമാരുടെ നിയമനം, നിർമാണ പ്രവൃത്തികൾക്ക് തുക സമയബന്ധിതമായി അനുവദിച്ചു നൽകാതിരുന്നത്, തൊഴിലിട സൗകര്യങ്ങൾ നിഷേധിയ്ക്കൽ, തൊഴിലിടങ്ങളിലുണ്ടായ പ്രശ്‌നങ്ങൾ എന്നിവയാണ് പരിഹരിക്കപ്പെട്ടത്. സമയബന്ധിതമായി അർഹതപ്പെട്ട തുകകൾ അനുവദിച്ചു നൽകാതിരുന്ന പരാതികളിൽ 67,21,895 രൂപ അവാർഡ് നൽകി. അതിൽ 51,65,037 രൂപ പരാതിക്കാർക്ക് സമയബന്ധിതമായി നൽകി, ബാക്കി തുക നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 40,787 രൂപ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ടിലേയ്ക്ക് തിരിച്ചടപ്പിയ്ക്കുകയും 13,843 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു.

തീർപ്പാക്കിയ 184 പരാതികളിൽ 50 എണ്ണം തുകകൾ സമയബന്ധിതമായി അനുവദിച്ചു നൽകാത്തതും 42 എണ്ണം തൊഴിൽ നിഷേധവുമായി ബന്ധപ്പെട്ടതും 21 എണ്ണം മേറ്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടതും 12 എണ്ണം വേതനം നിഷേധിച്ചതുമായി ബന്ധപ്പെട്ടും ഏഴ് കേസുകള്‍ പ്രവൃത്തി സ്ഥല സൗകര്യം ഒരുക്കാത്തതു സംബന്ധിച്ചും 10 എണ്ണം സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികളുമാണ്. വിവിധ സ്ഥലങ്ങളിലായി 41 സിറ്റിംഗുകളാണ് നടത്തിയത്.

ഓംബുഡ്‌സ്മാൻ ഇടപെടലിനെ തുടർന്ന് എല്ലാ തൊഴിലിടങ്ങളിലും അടിയന്തിര പ്രഥമ ശുശ്രൂഷാ കിറ്റ്, കുടിവെള്ള സൗകര്യം, ഷെയ്ഡ് ഉൾപ്പെടെ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി. ഫീൽഡ് സന്ദർശനങ്ങളുടെ ഭാഗമായി ഓംബുഡ്‌സ്മാൻ നേരിട്ട് തൊഴിലിടങ്ങൾ സന്ദർശിച്ച് തൊഴിലാളികളുമായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കും, മേറ്റുമാർക്കും വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി രൂപീകരണ-നടത്തിപ്പിൽ വിവിധ വകുപ്പുകൾ തമ്മിൽ കാര്യക്ഷമമായ രീതിയിൽ ഇടപെടൽ നടത്തണമെന്നും ‘ജലജൈവ സംരക്ഷണവും ഭക്ഷ്യ സുരക്ഷയും’ ഉറപ്പു വരുത്തുന്ന പ്രോജക്ടുകൾക്ക് പ്രാമുഖ്യം നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.