മലയിൻകീഴ് മാധവകവി സ്മാരക ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമിച്ച അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും ക്യാന്റീൻ ബ്ലോക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രായോഗിക പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്‌കരണം പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ സംരംഭകത്വ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഇതിനായി സ്‌കിൽ കോഴ്‌സുകൾക്ക് ക്രെഡിറ്റ് സമ്പ്രദായം ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുമായി എം. എം. എസ് കോളേജിൽ അസാപ് യൂണിറ്റ് ഉടൻ ആരംഭിക്കുവാൻ മന്ത്രി നിർദ്ദേശം നൽകി.

മൂന്ന് ബിരുദം, ഒരു ബിരുദാനന്തര ബിരുദം കോഴ്‌സുകളിലായി 430 വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്നത്. അതിൽ 229 പേർ പെൺകുട്ടികളാണ്. ഹോസ്റ്റൽ സൗകര്യം ആവശ്യമായ 52 വിദ്യാർത്ഥിനികളാണ് കോളേജിലുള്ളത്. നിലവിൽ സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കുന്ന ഇവർക്ക്, കോളേജ് ഹോസ്റ്റൽ പ്രവർത്തനം ആരംഭിക്കുന്നതോടെ മിതമായ നിരക്കിൽ സുരക്ഷിത താമസം ഒരുങ്ങും. അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ പേർക്ക് താമസസൗകര്യം നൽകാനും ഹോസ്റ്റൽ സജ്ജമാണ്. അനേർട്ടിന്റെ സഹകരണത്തോടെ സോളാർ പ്ലാന്റിന്റെ നിർമാണവും ഹോസ്റ്റലിൽ പുരോഗമിക്കുന്നു.

കിഫ്ബി ഫണ്ടിൽ നിന്നും 7.82 കോടി ചെലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റൽ, ക്യാന്റീൻ ബ്ലോക്ക് എന്നിവയുടെ നിർമാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളുള്ള പുതിയ അക്കാദമിക്ക് ബ്ലോക്കിൽ 12 ക്ലാസ്സ് മുറികളും മൂന്ന് ഡിപ്പാർട്ട്‌മെന്റ് ഫാക്കൽട്ടി റൂമുകളും സെല്ലാർ പാർക്കിംഗ് സൗകര്യവുമുണ്ട്.

ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സല കുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും പങ്കെടുത്തു.