വൃത്തിയുടെ നഗരമായ സുല്‍ത്താന്‍ ബത്തേരിക്ക് ഒരു മുന്നേറ്റം കൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് മുളയില്‍ നെയ്തെടുത്ത പച്ചനിറത്തിലുള്ള പ്രകൃതി സൗഹൃദ വെയിസ്റ്റ് ബിന്‍ സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഇനി മുതല്‍ ഈ കുട്ടകളില്‍ നിക്ഷേപിക്കാം. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 6 ന് മാലിന്യ ശേഖരണത്തിന് വെയിസ്റ്റ് ബിന്‍ സ്ഥാപിക്കുകയും ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ച് വൈകീട്ട് 6 ന് മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ‘അഴകാര്‍ന്ന നഗരം ആനന്ദ ജീവിതം’ എന്ന ലക്ഷ്യത്തോടെ നഗരത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നത് കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രകൃതി സൗഹൃദ വെയിസ്റ്റ് ബിന്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വ്വഹിച്ചു. നഗരത്തിലെത്തുന്നവര്‍ അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ നിക്ഷേപിക്കുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയതെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. റഷീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ലിഷ, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവ്, ഹരിത കര്‍മ്മസേന കോര്‍ഡിനേറ്റര്‍ അന്‍സില്‍ ജോണ്‍, കൗണ്‍സിലര്‍മാര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.