ജില്ലാതല അവലോകന യോഗം ചേര്‍ന്നു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളിലേക്ക് ലഭിച്ച പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം)എസ്. ഷാജഹാന്‍. അദാലത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്കുകളിലും വിവിധ വകുപ്പുകളിലുമായി ലഭിച്ച അപേക്ഷകള്‍ സംബന്ധിച്ച നടപടികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ലഭിച്ച അപേക്ഷകള്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി എത്രയും വേഗം പരിഹരിക്കണമെന്ന് എ.ഡി.എം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്തുകള്‍ മെയ് 15 നാണ് തുടങ്ങുക. കണയന്നൂര്‍ താലൂക്കിലാണ് ആദ്യ അദാലത്ത്. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.
പറവൂര്‍ താലൂക്കിലെ അദാലത്ത് മെയ് 16ന് കേസരി ബാലകൃഷ്ണ പിള്ള മെമ്മോറിയല്‍ ടൗണ്‍ഹാളിലും ആലുവ താലൂക്ക് അദാലത്ത് 18ന് മഹാത്മാഗാന്ധി ടൗണ്‍ഹാളിലും കുന്നത്തുനാട് താലൂക്ക് അദാലത്ത് 22ന് പെരുമ്പാവൂര്‍ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളിലും നടക്കും. കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിലാണ്. എല്ലാ അദാലത്തിലും മന്ത്രിമാരായ പി. രാജീവും മന്ത്രി പി. പ്രസാദും പങ്കെടുക്കും.
ഭൂമി സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സ് എന്നിവ നല്‍കുന്നതിലുള്ള കാലതാമസം, കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, തണ്ണീര്‍ തട സംരക്ഷണം, വിവിധ ക്ഷേമ പദ്ധതികള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളുമാണ് പരിഗണിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സമയം നല്‍കിയിരുന്നു. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലും ഓണ്‍ലൈനിലുമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ലഭിച്ച അപേക്ഷകളില്‍ തരംതിരിച്ച് പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് ദിവസം നേരിട്ട് എത്തി അപേക്ഷകള്‍ സമര്‍പ്പിക്കാം. അദാലത്തിനോട് അനുബന്ധിച്ച് ലഭിച്ച അപേക്ഷകള്‍ അത് വകുപ്പുകളിലേക്ക് കൈമാറിയാണ് പരിഹാരം കാണുന്നത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. അനില്‍ കുമാര്‍, എസ്. ബിന്ദു, കെ. ഉഷ ബിന്ദുമോള്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അനില്‍കുമാര്‍ മേനോന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.