ഭൂമിക്ക് അർഹരായ മുഴുവൻ മനുഷ്യർക്കും ഭൂമി കൊടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. മോറാഴ വില്ലേജിലെ 135 കുടുംബങ്ങൾക്കുള്ള പട്ടയവിതരണവും മോറാഴ സ്മാർട്ട് വില്ലേജ് ഓഫീസ്, ആന്തൂർ വില്ലേജ് റവന്യൂ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിൽ അർഹരായ മനുഷ്യർക്ക് ഭൂമി നൽകാൻ തടസ്സം മനുഷ്യ നിർമ്മിതമായ ഏതെങ്കിലും നിയമങ്ങളും ചട്ടങ്ങളും ആണെങ്കിൽ അവ മനുഷ്യന് അനുകൂലമായി ഭേദഗതി ചെയ്യുന്നതിൽ ഒരു മടിയും ഈ സർക്കാരിനില്ലെന്ന് മന്ത്രി പറഞ്ഞു.

ഏക്കർ കണക്കിന് ഭൂമി, ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയെ മറികടന്നുകൊണ്ട്, കേരളത്തിലെ സർക്കാരിനെ വെല്ലുവിളിച്ച് സ്വന്തമാക്കി വെച്ചവൻ എത്ര ഉന്നതൻ ആണെങ്കിലും അവന്റെ മുഖം നോക്കാതെ ആ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതന് വിതരണം ചെയ്യാനും സർക്കാരിന് ഒരു മടിയും ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ സർക്കാരിന്റെ നയം ഭൂരഹിതനായ മനുഷ്യനോട് ചേർന്നു നിൽക്കുന്ന നയമാണ്. നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവ്വേയിലൂടെ കേരളത്തിലെ എല്ലാ വില്ലേജുകളുടെയും സമ്പൂർണ ഡിജിറ്റൽ രേഖകൾ തയ്യാറാക്കും. കേരളത്തിലെ എല്ലാ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാം. ഏഴ് സേവനങ്ങൾ ഇപ്പോൾ ഡിജിറ്റൽ ആയി. കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും റവന്യൂ ഇ -സാക്ഷരർ ആക്കുന്ന ഇ-സാക്ഷരത യജ്ഞത്തിന് സർക്കാർ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് താലൂക്ക് മോറാഴ വില്ലേജിലെ കാനൂലിൽ 1958ൽ താൽക്കാലിക പട്ടയം അനുവദിച്ച 28 ഏക്കർ ഭൂമിക്ക് നിലവിലെ കൈവശക്കാരുടെ പേരിൽ പട്ടയം അനുവദിക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിച്ചാണ് സർക്കാർ പട്ടയം അനുവദിച്ച് ഉത്തരവായത്. ഇപ്പോൾ ഭൂമി കൈവശം വെക്കുന്ന 135 കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ് സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ആശയത്തിലൂന്നി യാഥാർഥ്യമാക്കിയത്. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മോറാഴ വില്ലേജ് ഓഫീസിന് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടവും ആന്തൂർ വില്ലേജ് റവന്യൂ ക്വാർട്ടേഴ്‌സ് കെട്ടിടവും പൂർത്തിയാക്കിയത്.

എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. സംസഥാനത്ത് ആദ്യമായി സമ്പൂർണ റവന്യൂ ഇ-സാക്ഷരതയുള്ള മണ്ഡലമാക്കി തളിപ്പറമ്പിനെ മാറ്റാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. എ ഡി എം കെ കെ ദിവാകരൻ, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, വൈസ് ചെയർപേഴ്സൺ വി സതീദേവി, വാർഡ് കൗൺസിലർമാരായ സി ബാലകൃഷ്ണൻ, ടി കെ വി നാരായണൻ, പ്രകാശൻ കൊയിലേരിയൻ, തളിപ്പറമ്പ ആർഡിഒ ഇ പി മേഴ്സി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ സന്തോഷ്, പി കെ മുജീബ് റഹ്മാൻ, വത്സൻ കടമ്പേരി, സമദ് കടമ്പേരി, കെ രവീന്ദ്രൻ, പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ സി രാമചന്ദ്രൻ, സന്തോഷ് സി ബി കെ, എന്നിവർ സംസാരിച്ചു.