നെയ്യാറ്റിൻകര താലൂക്ക്തല അദാലത്തിൽ വീൽചെയറിലെത്തിയ നെയ്യാറ്റിൻകര സ്വദേശി രവിക്ക് ഇനി പരസഹായം ഇല്ലാതെ യാത്ര ചെയ്യാം. ഒരു ഇലക്ട്രിക് സ്കൂട്ടർ എന്ന ആവശ്യവുമായാണ് രവി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ മുന്നിലെത്തിയത്.

മേസ്തിരി പണി ചെയ്തിരുന്ന രവി 1995 ൽ വനം വകുപ്പിന് വേണ്ടി കോട്ടൂർ കാപ്പുക്കാടിൽ കമ്മ്യൂണിറ്റി ഹാൾ പണിതുകൊണ്ട് നിൽക്കവേ ചാരം പൊട്ടി വീണ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് ലോക്കോമോട്ടോർ വിഭാഗത്തിൽപ്പെട്ട ഒരു ഭിന്നശേഷിക്കാരനായി മാറി. ഏകദേശം 10 വർഷത്തിനു മുമ്പ് നെയ്യാറ്റിൻകര നഗരസഭയിൽ നിന്നും ലഭിച്ച മുച്ചക്ര സ്കൂട്ടറിലായിരുന്നു രവിയുടെ യാത്ര. എന്നാൽ ഇപ്പോൾ ഈ വാഹനം ഏറിയ ദിവസവും വഴിയിലും വർക് ഷോപ്പിലുമാണ്.

സ്കൂട്ടർ ഇല്ലാതെ ലേശവും സഞ്ചരിക്കുവാൻ പറ്റാത്ത രവി നിലവിൽ നിസ്സഹായനാണ്. തുടർന്ന് പലപ്പോഴായി ഒരു ഇലക്ട്രിക് സ്കൂട്ടറിനായി അപേക്ഷ നൽകിയെങ്കിലും നടപടി വൈകുകയായിരുന്നു. എന്നാൽ ഇനി രവിക്ക് അധികം കാത്തിരിക്കണ്ട. ഉടൻ പരിഹാരം കാണാൻ മന്ത്രി നിർദേശം നൽകി.