വയോജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്ന വയോരക്ഷ പദ്ധതിയുമായി എടത്തല ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന് കീഴിലുള്ള എടത്തല ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ആയുര്‍വേദ) മുഖേന 60 വയസ് കഴിഞ്ഞവര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്.

വാര്‍ധക്യകാല പരിചരണം ആയുര്‍വേദത്തിലൂടെ എന്ന ആശയത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് വയോരക്ഷ. ജില്ലയില്‍ ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഓരോ ഡിസ്‌പെന്‍സറിക്കും ഒരുലക്ഷം രൂപ വീതമാണ് നല്‍കുന്നത്. വയസ് തെളിയിക്കുന്ന രേഖയുമായി എത്തുന്ന രോഗികള്‍ക്ക് രണ്ടാഴ്ച്ചത്തേക്കുള്ള മരുന്നുകള്‍ ഒരുമിച്ച് നല്‍കും. സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ മരുന്നുകളാണ് നല്‍കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഫ്‌സല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷിബു പള്ളിക്കുടി, റഹ്മത്ത് ജൈസല്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ദീപ്തി എന്നിവര്‍ പങ്കെടുത്തു.