സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വര്‍ണ്ണ കൂടാരം പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങി ശ്രീമൂലനഗരം ഗവ. എല്‍.പി സ്‌കൂള്‍. സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ വര്‍ണ്ണ കൂടാരം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ശ്രീമൂലനഗരം ഗവ. എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തന ഇടങ്ങളോടെ സജ്ജീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചിരുന്നു.
വര്‍ണ്ണ കൂടാരം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറി. സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയിരിക്കുന്ന പാര്‍ക്കും, മെട്രോ ട്രെയിനിന്റെ മാതൃകയും, ഏറുമാടവുമൊക്കെ കുട്ടികളില്‍ കൗതുകകരമാണ്. ക്ലാസ് റൂമുകളുടെ ഭിത്തികളും ത്രിമാന പെയിന്റിംഗ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.
ഭാഷയിടം, ഗണിതയിടം, ശാസ്ത്രയിടം, കളിയിടം, നിര്‍മ്മാണയിടം, കരകൗശലയിടം, ഇ-ഇടം, വരയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടവും, പഞ്ചേന്ദ്രിയയിടം, ഹരിദ്യോദ്യാനം തുടങ്ങിയ 13 പ്രവര്‍ത്തന ഇടങ്ങളും സ്‌കൂളില്‍ ക്രമീകരിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ആലുവ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ശ്രീമൂലനഗരം ഗവ. എല്‍. പി സ്‌കൂളിനെ ആന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃക പ്രീ പ്രൈമറി വിദ്യാലയമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആലുവ ബി.ആര്‍.സി.യുടെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്.
കുട്ടികളുടെ പഠനത്തിനോടൊപ്പം തന്നെ കലാകായിക മികവുകള്‍ പ്രോത്സാഹിപ്പിക്കുക, സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കുക,ഭാഷ, ശാസ്ത്രം തുടങ്ങിയ മേഖലയിലുള്ള ജ്ഞാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വര്‍ണ്ണ കൂടാരം പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ നടപ്പിലാക്കിയത്.