മുഴുവൻ കുടുംബങ്ങൾക്കും റവന്യൂ സ്മാർട് കാർഡ് നൽകാൻ സർക്കാർ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. എടപ്പറ്റ സ്മാർട് വില്ലേജ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാർഡ് നൽകാനാണ് ലക്ഷ്യമിടുന്നത്. മുഴുവൻ രേഖകളും എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായകമാവും. കേരളത്തിലെ മുഴുവൻ റവന്യൂ ഓഫീസുകളും നവംബർ ഒന്ന് മുതൽ ഡിജിറ്റലാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. യു എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാർ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടം നിർമിച്ചിട്ടുള്ളത്. മേലാറ്റൂർ-കരുവാരക്കുണ്ട് റോഡിലെ ഏപ്പിക്കാടായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇത് പൂർണമായി പൊളിച്ചുനീക്കിയാണ് പുതിയത് നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അടക്കം ജനങ്ങൾക്കുവേണ്ട എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്.
എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടിൽ സഫിയ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ ബഷീർ, ജംഷീന ടീച്ചർ, എടപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്ര പ്രഭാകരൻ, സ്ഥിരം സമിതി അധ്യക്ഷരായ ജോർജ് മാസ്റ്റർ, പി സരിത, ബിനു കുട്ടൻ, ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ, സബ് കളക്ടർ ശ്രീധന്യ സുരേഷ് എന്നിവർ സംസാരിച്ചു