സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന കാര്‍ഷികോപകരണ പ്രദർശന വിപണന മേളയ്ക്ക് മാനന്തവാടി വളളിയൂർക്കാവിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലിപ്രദർശനനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.

മെയ് ഒമ്പത് വരെ വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കുന്ന മേളയിൽ വയനാടിന്റെ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. ഡ്രോൺ അടക്കമുളള ആധുനിക കാർഷികോപകരണങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിതരണത്തിനുമായി എത്തുന്നത്. വിവിധ കമ്പനികളുടെ കാർഷികോപകരണങ്ങൾ മേളയിൽ ഒരുക്കിയ 34 സ്റ്റാളിലൂടെയാണ് പ്രദർശിപ്പിക്കുന്നത്. ഡ്രോണുകൾ, ട്രാക്ടർ, ട്രില്ലർ, പമ്പുകൾ തുടങ്ങിയവയാണ് പ്രദർശന മേളയുടെ പ്രധാന ആകർഷണം.

സംസ്ഥാന സർക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒ / കൃഷികൂട്ടങ്ങൾക്ക് ഡ്രോണുകളും കാർഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ( ചൊവ്വ) കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ടി. സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ. രേണു രാജ്, പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയൽ രാമൻ തുടങ്ങിയവർ പങ്കെടുക്കും.

പ്രദർശന വിപണന മേളയുടെ ഭാഗമായി ഇന്ന് (തിങ്കൾ) വൈകീട്ട് നാലിന് മാനന്തവാടി മുനിസിപ്പല്‍ ടൗൺ പരിസരത്ത് വിളംബര ജാഥയും ട്രാക്ടര്‍ റാലിയും നടത്തും. തുടർന്ന് മയൂരി നൃത്ത കലാകേന്ദ്രം, കല്‍പ്പറ്റ , തൃക്കൈപ്പറ്റ , കമ്പളക്കാട് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും കലാപരിപാടികളും അരങ്ങേറും. നാളെ ( ചൊവ്വ) ഉച്ചയ്ക്ക് 1.30ന് ജില്ലയിലെ യുവ കര്‍ഷകര്‍ക്കായി നൂതന കാര്‍ഷിക യന്ത്രങ്ങളെപ്പറ്റിയും നൂതന ജലസേചന രീതികളെപ്പറ്റിയുമുള്ള സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്ക് നറുക്കെടുപ്പിലൂടെ വയനാട്ടിലെ എസ്.എം.എ.എം ഡീലർമാർ സ്പോൺസർ ചെയ്തിരിക്കുന്ന 4 ലക്ഷം രൂപയുടെ കാർഷിക യന്ത്രങ്ങൾ സമ്മാനമായി വിതരണം ചെയ്യും.

വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ പി.എം ബെന്നി, അസി.എക്സി.എഞ്ചിനീയർ എം ഹാജാ ഷെരീഫ്, കൃഷി അസിസ്റ്റൻഡ് ഡയറക്ടർ ഡോ.കെ അനിൽകുമാർ, ഇ.ജെ ബാബു തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, കാർഷിക പ്രതിനിധികൾ, വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.