അപ്രതീക്ഷിതമായി കോളനി മുറ്റത്ത് അതിഥിയായി കളക്ടറെത്തിയപ്പോള്‍ കോളനിവാസികള്‍ക്കെല്ലാം നിറഞ്ഞ സന്തോഷം. ജില്ലയില്‍ ചുതലയേറ്റ ശേഷം ആദ്യമായി ആദിവാസി കോളനി സന്ദര്‍ശനത്തിന് പുല്‍പ്പള്ളിയില്‍ തുടക്കമിട്ട ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ കരിമം കോളനിവാസികള്‍ സ്വീകരിച്ചു. എണ്‍പത് പിന്നിട്ട കറുത്ത കോളനിയിലേക്ക് കളക്ടറെ കൈപിടിച്ച് ആനയിച്ചു. മഞ്ചാടിക്കമ്മലിട്ട കാതിലെ വിശേഷങ്ങളുമായി കറുത്തയും കളക്ടര്‍ക്കൊപ്പം ചേര്‍ന്നതോടെ വിരുന്നുകാരുടെ റോളിലായിരുന്നു ജില്ല കളക്ടര്‍ ഡോ.രേണുരാജും സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയുമെല്ലാം.

പരാധീനതകളുടെ പതിവ് കഥകളെല്ലാം മാറ്റി വെച്ച് നിറഞ്ഞ സന്തോഷത്തോടെയായിരുന്നു കോളനിവാസികള്‍ ആദ്യമായി കോളനിയിലെത്തിയ ജില്ലാ കളക്ടറെ വരവേറ്റത്. പണിയ വിഭാഗത്തിലെ മുപ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയുടെ വിശേഷങ്ങളെല്ലാം കളക്ടര്‍ ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനം മുതല്‍ മുതിര്‍ന്നവരുടെ പെന്‍ഷന്‍ വരെയുള്ള ക്ഷേമകാര്യങ്ങളിലെല്ലാം തികഞ്ഞ അന്വേഷണം. കുടിവെള്ളത്തിനെക്കുറിച്ചും വീടുകളെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞ കളക്ടര്‍ കോളനിക്കാരുടെ ആവശ്യങ്ങളെല്ലാം കേട്ടറിഞ്ഞു. കൂടെയുണ്ടായിരുന്ന വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അപ്പപ്പോള്‍ തന്നെ നല്‍കി. ചായയും മധുരപലഹാരങ്ങളുമായി കോളനിക്കാരുടെ സ്‌നേഹവായ്പുകളും ഏറ്റുവാങ്ങിയാണ് ഇവിടെ നിന്നും കളക്ടറും സംഘവും മടങ്ങിയത്.

ഇവിടെ നിന്നും ചേകാടിയിലേക്കായിരുന്നു പിന്നീടുള്ള യാത്ര. കണ്ടാമല കുറുമ കോളനി, ചേകാടി താഴശ്ശേരി അടിയ കോളനി, ചന്ദ്രോത്ത് കാട്ടുനായ്ക്ക കോളനി എന്നിവടങ്ങളിലും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് സന്ദര്‍ശനം നടത്തി. 48 കുടുംബങ്ങള്‍ താമസിക്കുന്ന കണ്ടാമല കുറുമ കോളനിയില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം. ഗോത്ര ജീവിത വൈവിധ്യങ്ങള്‍, സംസ്‌കൃതികള്‍ എന്നിവയെല്ലാം ജില്ലാ കളക്ടര്‍ക്ക് കോളനിവാസികള്‍ പരിചയപ്പെടുത്തി. 73 കുടുംബങ്ങള്‍ താമസിക്കുന്ന താഴശ്ശേരി കോളനിയിലെയും 23 കാട്ടുനായ്ക്ക കുടുംബങ്ങള്‍ താമസിക്കുന്ന ചന്ദ്രോത്ത് കോളനിയിലെയും സ്ഥിതിഗതികള്‍ കളക്ടര്‍ നേരിട്ട് മനസ്സിലാക്കി. ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം സമയബന്ധിതമായി പരിഹാരം കാണുമെന്ന ഉറപ്പോടെയാണ് ജില്ല കളക്ടര്‍ ഇവിടെ നിന്നും മടങ്ങിയത്.

സബ് കളക്ടര്‍ ആര്‍,ശ്രീലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ്, ഡി.പി.എം ഡോ.സമീഹ സെയ്തലവി, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജി.പ്രമോദ്, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ പി.ജെ.ഷീജ, വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് സി.എസ്.പ്രഭാകരന്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.