തിരുവനന്തപുരം വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്ലീ മാർക്കറ്റിന്റെ (കൈമാറ്റ ചന്ത) നാലാമത് എഡിഷൻ മെയ് 11 മുതൽ 14 വരെ പി എം ജി സ്റ്റുഡൻസ് സെന്ററിൽ നടത്തും. 11നു രാവിലെ 11ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ദിവസവും ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു വരെയാകും കൈമാറ്റ ചന്ത പ്രവർത്തിക്കുക.
കേരള യൂണിവേഴ്സിറ്റി യൂണിയനുമായി സഹകരിച്ചാണ് കൈമാറ്റ ചന്ത സംഘടിപ്പിക്കുന്നത്. റസിഡൻസ് അസോസിയേഷനുകൾ, ഫ്ളാറ്റ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, പരിസ്ഥിതി സംഘടനകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരും സംരംഭത്തിൽ പങ്കാളികളാകുമെന്ന് വി.കെ. പ്രശാന്ത് എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉൽപ്പന്നങ്ങൾ കൈപ്പറ്റുന്നവരിൽ നിന്ന് ഈടാക്കുന്ന തുക ഉപയോഗിച്ച് വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ഏറ്റവും അർഹരായ ഒരു കുടുംബത്തിന് വീട് വെച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൈമാറ്റ ചന്തയ്ക്ക് മുന്നോടിയായി
എട്ട് കേന്ദ്രങ്ങളിൽ മെയ് 6, 7 തീയതികളിൽ കളക്ഷൻ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു.
വസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകൾ, പേഴ്സുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, വീട്ടുപകരണങ്ങൾ, കൗതുക വസ്തുക്കൾ, വാഹനങ്ങൾ, സംഗീതോപകരണങ്ങൾ, പണിയായുധങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ബെഡ്ഡുകൾ, തലയിണകൾ, കുഷ്യനുകൾ, മാറ്റുകൾ, കാർപറ്റുകൾ, രോഗി പരിചരണത്തിന് വേണ്ട ഉപകരണങ്ങൾ എന്നിവ കൈമാറ്റ ചന്തയിൽ സ്വീകരിക്കും