സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്, നവകേരളം കര്‍മ്മ പദ്ധതി 2, ഹരിത കേരളം മിഷന്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന നീരുറവ് നീര്‍ച്ചാല്‍ പുനരുജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 1421 ഹെക്ടര്‍ വിസ്തൃതിയിലുള്ള കാവശ്ശേരി നീര്‍ത്തടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പദ്ധതിയിലൂടെ മണ്ണ്, ജലം എന്നിവ സംരക്ഷിച്ച് ജൈവസമ്പത്ത് വര്‍ധിപ്പിക്കുന്നതിലൂടെ കാര്‍ഷിക അഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതി മെച്ചപ്പെടുകയും ലക്ഷ്യമിടുന്നു.
ജനപ്രതിനിധികള്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, വായനശാലകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാകും. പദ്ധതിയിലൂടെ കിണര്‍ നിര്‍മാണം, പുനര്‍നിര്‍മാണം, റീചാര്‍ജ്ജ്, കോണ്ടൂര്‍ ട്രഞ്ചുകള്‍, നഴ്‌സറികള്‍, തട്ടുതിരിക്കല്‍, മഴക്കുഴികള്‍, മണ്‍കയ്യാലകള്‍, വൃക്ഷവത്ക്കരണം, ബയോ ഫെന്‍സിങ് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
നീരുറവ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് പദ്ധതി രേഖ പ്രകാശനവും നീര്‍ച്ചാല്‍ പുനരുജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വള്ളിക്കാട് പാലയ്ക്കാതോടില്‍ കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷാദേവി സതീശന്‍ അധ്യക്ഷയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജയകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍, ബീന ഗോപി, വാര്‍ഡംഗങ്ങളായ വിന്‍ഷ പ്രജിത്ത്, ആണ്ടിയപ്പു, ഗോപന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സുപ്രിയ, ബി.എഫ്.ടി ശകുന്തള, എം.ജി.എന്‍.ആര്‍.ജി.എസ് ഉദ്യോഗസ്ഥര്‍, മേറ്റുമാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.