200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കോട്ടൂളി തണ്ണീർതടം സംരക്ഷിക്കുമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയർമാൻ ഇ.കെ വിജയൻ എം.എൽ.എ. ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തെളിവെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടൂളി തണ്ണീർതടം പരിധിയിൽ ഉൾപ്പെടുന്ന കണ്ടൽ കാടുകൾ ഉൾപ്പടെ സംരക്ഷിച്ച് നിർത്തുമെന്നും സ്വകാര്യ വ്യക്തികളുടെ ഭൂമിയുൾപ്പടെ നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടൂളി തണ്ണീർത്തടം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കണ്ടൽ കാടുകൾ സംരക്ഷിക്കുവാനായി പ്രത്യേക പദ്ധതി സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് പരിസ്ഥിതി സമിതി നിർദ്ദേശിച്ചു. തണ്ണീർത്തടം ഉൾപ്പെടുന്ന ഭാഗങ്ങളിൽ മണ്ണിട്ട് നികത്തിയ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നുൾപ്പെടെ മണ്ണ് നീക്കം ചെയ്ത് പൂർവ്വസ്ഥിതിയിലേക്ക് മാറ്റാനും സമിതി നിർദ്ദേശിച്ചു. കോട്ടൂളി തണ്ണീർത്തടം ഉൾപ്പെടുന്ന അരയിടത്ത്പാലവും സരോവരവും സമിതിയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ചെയ്തു.

കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്‌കട്ട് കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് മലിനീകരണം സംബന്ധിച്ച പരാതിയിലും സമിതി വിവിധ വകുപ്പുകളിൽ നിന്നും തെളിവെടുപ്പ് നടത്തി. മലിനീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ സബ് കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എന്നിവർ വിശദീകരണം നൽകി. പ്ലാന്റുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാൻ നടപ്പിലാക്കുമെന്നും മലിനീകരണ നിയന്ത്രണത്തിന് വേണ്ട നിർദ്ദേശങ്ങൾ കർശനമാക്കുമെന്നും ജില്ലാ കലക്ടർ എ ഗീത സമിതിയെ അറിയിച്ചു. സമിതിയുടെ നേതൃത്വത്തിൽ പ്രദേശവും പ്ലാന്റും സന്ദർശിക്കുകയും ജനങ്ങളുടെ ആശങ്കകളും പരാതികളും കേൾക്കുകയും ചെയ്തു.

കോടഞ്ചേരി പഞ്ചായത്തിലുൾപ്പെട്ട തുഷാരഗിരി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രം സംബന്ധിച്ച പരാതിയിലും സമിതി തെളിവെടുപ്പ് നടത്തി. വനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധിപുറപ്പെടുവിച്ചതിനാൽ അതിൽ ഇടപെടാനില്ലെന്ന് സമിതി വ്യക്തമാക്കി. തുഷാരഗിരി പരിസ്ഥിതി സംബന്ധിച്ച പ്രശ്നങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പരിഹാരം കാണണമെന്നും സമിതി അഭിപ്രായപ്പെട്ടു. പ്രദേശം നിയമസഭ പരിസ്ഥിതി സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ചെയ്തു. ജില്ലയിലെ വിവിധ പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള നിവേദനങ്ങളും പരാതികളും യോഗത്തിൽ സ്വീകരിച്ചു.

യോഗത്തിൽ പരിസ്ഥിതി സമിതി അംഗങ്ങളായ പി.കെ ബഷീർ എം എൽ എ, ലിന്റോ ജോസഫ് എം എൽ എ, സജീവ് ജോസഫ് എം എൽ എ, ടി.ഐ മധുസൂദനൻ എം എൽ എ, കെ. ഡി പ്രസേനൻ എം എൽ എ, ജോബ് മൈക്കിൾ എം.എൽ.എ, സമിതി സെക്രട്ടറി ബി ശ്രികുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം എന്നിവർ സംബന്ധിച്ചു.
ജില്ലാ കലക്ടർ എ.ഗീത സ്വാഗതവും എ.ഡി.എം സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.