രോഗ പ്രതിരോധത്തിന് നല്ല ഭക്ഷണ ശീലങ്ങൾ അനിവാര്യമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയിൽ പരിപാലിക്കേണ്ടതിനെക്കുറിച്ചും ‘എന്റെ കേരളം’ പ്രദർശന നഗരിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ വിശദീകരിച്ചു. ഓരോ നാടിനും കാലത്തിനും അനുയോജ്യമായ ഭക്ഷ്യരീതിയെ കുറിച്ചും ഭക്ഷണ ശീലങ്ങളെ കുറിച്ചും അറിവ് നൽകുന്നത് കൂടിയായിരുന്നു സെമിനാർ. ഭക്ഷണം ഉണ്ടാക്കുമ്പോഴും വിളമ്പുമ്പോഴും പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും സെമിനാറിൽ വിശദീകരിച്ചു. ഓരോ ഋതുക്കളിലും പാലിക്കേണ്ട ദിനചര്യങ്ങളെക്കുറിച്ചും സെമിനാറിൽ ചർച്ചയായി.
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ പി. ജൈനി അധ്യക്ഷത വഹിച്ചു. ഡോ. സ്നാനി സുരേന്ദ്രൻ, ഡോ. നൗഫൽ പനക്കൽ, ഡോ. വി.എ അനൂപ് എന്നിവർ വിഷയമവതരിപ്പിച്ചു. ഡി.എം.ഒ ഇൻചാർജ് ഡോ. കെ. ആശ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷാനഫാസ് തയ്യിൽ, മെഡിക്കൽ ഓഫീസർ ഡോ. സിജിൻ എന്നിവർ സംസാരിച്ചു.