സംസ്ഥാനത്ത് പാലുത്പാദനം വർധിപ്പിക്കാനും കറവയുടെ ഇടവേള ദൈർഘ്യം കൂട്ടുന്നതിനുമായി മിൽമയുടെ പാൽ ശേഖരണ സമയം മാറ്റുമെന്ന് മൃഗസംരക്ഷ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാൽ ശേഖരണ സമയം പുനഃക്രമീകരിച്ചാൽ കൂടുതൽ പാലുത്പാദിപ്പിക്കാൻ സാധിക്കും.
കറവയുടെ ഇടവേള കൂട്ടുന്നത് പശുക്കളിലെ ഉത്പാദനക്ഷമത കൂട്ടാനും അകിട് വീക്കം പോലുള്ള രോഗബാധകൾ കുറയ്ക്കാനും സാധിക്കും. അതുവഴി കൂടുതൽ പാലുത്പാദിപ്പിക്കാനും പശുക്കളുടെ ആരോഗ്യം നിലനിർത്താനാകുമെന്നും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തീറ്റപ്പുൽകൃഷി സബ്സിഡി, കന്നുകുട്ടി പരിപാലന സബ്സിഡി എന്നിവ യഥാസമയം ലഭ്യമാക്കി കൂടുതൽ കർഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണ്. ക്ഷീര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പൊന്നാനി നഗരസഭയിൽ ഗവ. വെറ്ററിനറി പോളിക്ലിനിക് കെട്ടിട സമുച്ചയം നിർമിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ 99.9 ലക്ഷം രൂപ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയത്തിൽ കന്നുകാലികൾക്കും ഓമന മൃഗങ്ങൾക്കുമുള്ള ഒ.പി, വാക്സിനേഷൻ യൂണിറ്റ്, വെറ്ററിനറി ലബോറട്ടറി രോഗ നിർണയ സൗകര്യം, ഓപറേഷൻ തിയേറ്റർ, സ്‌കാനിംഗ് റൂം, പകർച്ച വ്യാധി ചികിത്സക്കായി ഐസോലേഷൻ യൂണിറ്റ്, രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവനം എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് അങ്കണത്തിൽ നടന്ന പരിപാടിയിൽ നന്ദകുമാർ എം.എൽ.എ ആധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു അബ്ദുൽ അസീസ് പദ്ധതി വിശദീകരിച്ചു. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല,മ ൃസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹാറൂൺ അബ്ദുൽ റഷീദ്, ഈശ്വരമംഗലം സീനിയർ വെറ്ററിനറി സർജൻ ഡോ. സിനി സുകുമാരൻ, ജനപ്രതിനിധികൾ, വിവധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.