വനം വകുപ്പിനെ ജനസൗഹൃദമാക്കാ നുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതായി വനം-വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം ബാവലിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വനസൗഹൃദ സദസ്സുകൾ ജനകീയ സദസ്സുകളായി മാറി.
വനവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി ആളുകൾക്ക് ധൈര്യമായി കടന്നുവരാൻ കഴിയുന്ന, കൂടുതൽ ജനസൗഹൃദ ഓഫീസുകളായി ഫോറസ്റ്റ് സ്റ്റേഷനുകളെ മാറ്റും. പൊതുജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സുതാര്യമായ ഭരണ നിർവ്വഹണ സമീപനമാണ് വനം വകുപ്പ് നടത്തുന്നത്. വനം വകുപ്പിലെ ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. വനം വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ സംയോജിത ചെക്പോസ്റ്റിൽ ഒരുക്കിയ സംവിധാനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കും. ചെക്ക് പോസ്റ്റിൽ ഒരുക്കിയ ഇൻഫർമേഷൻ സെൻ്റർ വിനോദ സഞ്ചാരികൾക്കും ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ക്വാര്‍ട്ടേസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഡിവിഷനിലെ അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്ത ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ, സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന ഫീല്‍ഡ് സപ്പോര്‍ട്ടിംഗ് ഉപകരണങ്ങളുടെ വിതരണവും നടത്തി.
വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റക്യത്യങ്ങള്‍ തടയുക, വന ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയുക, ടൂറിസ്റ്റുകള്‍ക്ക് സഹായമൊരുക്കുക, വനവിഭവങ്ങളുടെ വിപണനത്തിനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ചെക്ക് പോസ്റ്റുകള്‍ നിര്‍മിച്ചത്. 2000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയാണ് പുതിയ ചെക്ക്പോസ്റ്റ് കെട്ടിടങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കിയിട്ടുള്ളത്. ചെക്ക് പോസ്റ്റ് ഓഫീസിനോടൊപ്പം ഇൻഫർമേഷൻ സെൻ്റർ, ഇക്കോ ഷോപ്പ്, ക്വാർട്ടേഴ്സ്, പബ്ലിക് ടോയ്ലറ്റ്, പാർക്കിംഗ് ഏരിയ എന്നിവയും സജ്ജമാണ്. 24 മണിക്കൂർ പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകളും ഓട്ടോമാറ്റിക് ബാരിക്കേഡും ചെക് പോസ്റ്റ് പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കും. 3 ചെക്ക് പോസ്റ്റ് കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉൾപ്പടെ 2 കോടി 23 ലക്ഷത്തിനാണ് പ്രവൃത്തി പൂർത്തീകരിച്ചത്. 3 ബെഡ് റൂമുകളും വണ്ടി ഷെഡും ഉൾപ്പടെ 900 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ക്വാർട്ടേസ് പ്രവൃത്തി പൂർത്തിയാക്കിയിട്ടുള്ളത്. 28 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.
ചടങ്ങിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .വി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാസിങ്, ജില്ലാ പോലീസ് മേധാവി ആർ . ആനന്ദ്, സബ് കളക്ടർ ആർ ശ്രീലക്ഷ്മി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. മുഹമ്മദ് ഷബാബ്, നോഡൽ ഓഫീസർ കെ.എസ് ദീപ, ഫോറസ്റ്റ് കൺസർവേറ്റർ എസ്. നരേന്ദ്രബാബു, എ.ഡി.സി.എഫ് ജി ദിനേഷ് കുമാർ, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ജോസ് മാത്യു, വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസ്, ഡി.എഫ്.ഒ എ ഷജ്‌ന, തുടങ്ങിയവർ സംസാരിച്ചു.
ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.