ബോധവൽക്കരണം കൊണ്ട് ബോധം വരാത്തവർക്ക് മാലിന്യം വലിച്ചെറിഞ്ഞാൽ ഇനിമുതൽ പിഴ ഉൾപ്പെടെയുള്ള നടപടി എടുക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ ആദ്യ ജില്ലാതല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ തൃശൂർ കൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
2024 മാർച്ച് 31നകം കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും
സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ എല്ലാ സമയവും മാലിന്യ മുക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന ജില്ലാതല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ ഇനി ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.26 കോടി ചെലവഴിച്ചാണ് കെട്ടിട നിർമ്മിച്ചിരിക്കുന്നത്.
8870 ചതുരശ്ര അടി വലുപ്പത്തിൽ ഒരുക്കിയ കെട്ടിടത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എം സി എഫ് കളിൽ ശേഖരിച്ച അജൈവമാലിന്യങ്ങൾ പുന: ചംക്രമണ സാധ്യതയുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയും. ഇതുവഴി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുകയും ഹരിത കർമ്മ സേനയ്ക്ക് വരുമാനം ഉണ്ടാക്കുവാനും സാധിക്കും.
ഷ്രെഡ്ഡിംഗ് മെഷീൻ, ബെയിലിംഗ് മെഷീൻ,ഡസ്റ്റ് റിമൂവർ, കൺവെയർ ബെൽറ്റ്, ഫോർക്ക് ലിഫ്റ്റ്, വെയിംഗ് മെഷീൻതുടങ്ങിയ ഉപകരണങ്ങളാണ് റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ ഒരുക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 85 സെന്റിൽ 50 സെന്റ് സ്ഥലത്തിലാണ് റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള സ്ഥലത്ത് പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ഭാഗമായി ചില്ലു മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. വിശിഷ്ടാതിഥിയായ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ ജി മുരളീധരൻ ഓൺലൈനായി പങ്കെടുത്തു. ക്ലീൻ കേരള മാനേജിങ് ഡയറക്ടർ ജി കെ സുരേഷ്കുമാർ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ലിനി ടീച്ചർ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ ടീച്ചർ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ് സി നിർമ്മൽ, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർ എം എ സതീദേവി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുപമ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.