സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജനങ്ങളെ കാത്തിരിക്കുന്നത് നിരവധി സൗജന്യ സേവനങ്ങൾ.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ കീഴിൽ ഇ-ഹെൽത്ത് കേരളയുടെ ഭാഗമായി സൗജന്യമായി നൽകുന്ന യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ കാർഡ് മേളയിൽ നിന്ന് സ്വന്തമാക്കാം. പേര് വിവരങ്ങൾ, ഇതുവരെ നടത്തിയിട്ടുള്ള പരിശോധനകളുടെ വിവരങ്ങൾ, രോഗങ്ങളുടെ വിവരങ്ങൾ, ഡോക്ടർമാരെ സന്ദർശിച്ചതിന്റെ വിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ നിരവധി വിവരങ്ങൾ ഈ കാർഡിൽ ഉൾപ്പെടും. ഒരാൾക്ക് ചികിത്സ ആവശ്യമായി വരുമ്പോൾ ചികിത്സക്ക് മുമ്പ് തന്നെ ആ വ്യക്തിയുടെ രോഗ ചരിത്രത്തെ കുറിച്ചും ആരോഗ്യസ്ഥിതിയെ കുറിച്ചും അറിയാൻ ഈ സംവിധാനം സഹായകരമാണ്.
ആരോഗ്യവകുപ്പിന്റെ സ്റ്റാളായ ജനകീയ ആരോഗ്യ കേന്ദ്രത്തി ‘വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സൗജന്യ ഹീമോഗ്ലോബിൻ പരിശോധനയും നടക്കുന്നുണ്ട്. ഇiവിടെ 15നും 59നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ രക്തത്തിലെ ഹീമഗ്ലോബിന്റെ അളവ് സൗജന്യമായി പരിശോധിക്കുകയും സാധാരണ അളവിൽ കുറവുള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഷുഗർ, പ്രഷർ, ബോഡി മാസ് ഇൻഡക്‌സ് (ബി.എം.ഐ) എന്നിവയുടെ പരിശോധനയും 30 വയസ്സിന് മുകളിൽ പ്രായമുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അവരുടെ അടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്യുന്നുണ്ട്.
അക്ഷയ ഇ സെന്ററിലും നിരവധി സൗജന്യ സേവനങ്ങളുണ്ട്. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കുടിക്കടം, നികുതി, റേഷൻ കാർഡിലെ തിരുത്തലുകൾ, കറണ്ട് ബില്ല് അടക്കൽ, ആധാർ കാർഡിലെ മൊബൈൽ നമ്പറുകളുടെ മാറ്റം വരുത്തൽ തുടങ്ങിയ സേവനങ്ങളെല്ലാം സൗജന്യമായാണ് ചെയ്യുന്നത്.