സംഗീത ആസ്വാദക ഹൃദയങ്ങളിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്നേഹത്തിര തീർത്ത് ഗായിക യുംന അജിൻ. ‘എന്റെ കേരളം’ പ്രദർശന നഗരയിൽ ഇതുവരെ കാണാത്ത ജനത്തിരക്കാണ് യുംനയുടെയും സംഘത്തിന്റെയും പ്രകടനം ആസ്വദിക്കാൻ എത്തിയത്.
സംഗീത രംഗത്ത് ചെറുപ്രായത്തിൽ തന്നെ അത്ഭുതങ്ങൾ തീർത്ത യുംന പൊന്നാനിയുടെ മണ്ണിൽ ആവേശം തീർത്തു. പൊന്നാനിയുടെ സംഗീത പാരമ്പര്യത്തെ ഓർപ്പെടുത്തിയാണ് കലാസന്ധ്യ ആരംഭിച്ചത്. നുസ്റത് ഫത്തേഹ് അലി ഖാൻ അനശ്വരമാക്കിയ ‘തൂ കുജ മൻ കുജ’യിൽ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഓത്തുപള്ളി അടക്കമുള്ള ഗാനങ്ങൾ സദസ്സിന് മുന്നിൽ ആലപിച്ചു.
നിരവധി റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ യുംന പരപ്പനങ്ങാടി സ്വദേശിയാണ്. ഇന്ത്യൻ ഐഡൽ ജൂനിയറിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. പോപ്, ശാസ്ത്രീയം, ബോളിവുഡ്, ഭജൻ, ഗസൽ, സൂഫി, നാടൻപാട്ട് തുടങ്ങിയ സംഗീതശാഖകളിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ കഴിവ് തെളിച്ചതാണ് ഈ മിടുക്കി.