അരുമ മൃഗങ്ങൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തും: മന്ത്രി ജെ ചിഞ്ചുറാണി
മനുഷ്യ ജീവനുകളെ പോലെ തന്നെ അരുമ മൃഗങ്ങളുടെ ജീവനും പ്രധാനമാണെന്നും ലഭ്യമായ എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും അവയ്ക്ക് ഏർപ്പെടുത്തുമെന്നും മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അരുമ മൃഗങ്ങളെ കരുതലോടെ വളർത്താനും അവയ്ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും വെറ്ററിനറി കേന്ദ്രങ്ങളിൽ നൂതന സംവിധാനങ്ങളാണ് ജില്ലാ പഞ്ചായത്തുകൾ വഴി മൃഗസംരക്ഷണവകുപ്പ് നടത്തി വരുന്നത്. വീട്ടു മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്തുന്നതിനുള്ള വീട്ടുപടിക്കൽ സേവനങ്ങൾ ആരംഭിച്ചു. പ്രത്യേക വാഹന സൗകര്യങ്ങളും കോൾ സെൻ്ററുകളും തദ്ദേശ സ്ഥാപനതലങ്ങളിൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞു. കേരളത്തിലെ എല്ലാ പശുക്കൾക്കും പ്രത്യേക ചിപ് സംവിധാനം ഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും കിടാരി പാർക്ക് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് 2022-23 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവിലാണ് നെയിംബോർഡ്, സൈൻ ബോർഡ് എന്നിവ നിർമിച്ചത്. പ്ലാൻ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമ്പസിനകത്ത് രണ്ട് ബെഡ് റൂമുകളുള്ള ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് നിർമിച്ചത്. ഓപ്പറേഷൻ തിയേറ്ററിൻ്റെയും ഒ പി യൂണിറ്റിൻ്റെയും ക്ലിനിക്കൽ ലബോറട്ടറിയുടെയും നവീകരണത്തിനായി പ്ലാൻ സ്കീമിൽ 38 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടറൈസ്ഡ് ഡിജിറ്റൽ എക്സ്റേ പ്രോസസിംഗ് സിസ്റ്റം, പാർട്ട് 4 വെറ്ററിനറി അനലൈസർ, ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ, ഇലക്ട്രോലൈറ്റ് അനലൈസർ എന്നിവ ഒരുക്കിയത്.
ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‌റ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. കെ കെ രത്നകുമാരി, കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി പ്രശാന്ത്, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി വിജയമോഹൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ പദ്ധതി വിശദീകരിച്ചു. കണ്ണൂരിൽ നടന്ന എൻ്റെ കേരളം – 2023 മെഗാ എക്സിബിഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുണ്ടയാട് മേഖല കോഴി വളർത്തൽ കേന്ദ്രം, എൽ എം ടി സി, ആർ ഡി ഡി എൽ എന്നിവക്കുള്ള പുരസ്കാരം, ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണത്തിൽ സജീവ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥർക്കുള്ള പ്രശംസാപത്രം, ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് നിർമ്മാണം പൂർത്തിയാക്കിയ നിർമിതി കേന്ദ്രത്തിനുള്ള പുരസ്കാരം എന്നിവ മന്ത്രി വിതരണം ചെയ്തു.