ലോണുകളും പദ്ധതികളും മാത്രമല്ല രസകരമായ ചോദ്യങ്ങളും കൈനിറയെ പണവും സമ്മാനങ്ങളുമായാണ് ‘എന്റെ കേരളം’ പ്രദർശന-വിപണന മേളയിൽ ഇത്തവണ കേരള സംസ്ഥാന സർക്കാർ വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി)എത്തിയിരിക്കുന്നത്. വ്യത്യസ്തമാർന്ന ചോദ്യങ്ങളും സമ്മാനങ്ങളുമാണ് കെ.എസ്.ഐ.ഡി.സി സ്റ്റാളിനെ കൂടുതൽ ആകർഷിക്കുന്നത്. ‘സ്‌കാൻ ആൻഡ് വിൻ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ലളിതമായ ചോദ്യത്തിന് ഉത്തരം നൽകുന്നവർക്ക് 1000 രൂപയാണ് സമ്മാനം.
കെ.എസ്.ഐ.ഡി.സിയുടെ ലോണുകളും പദ്ധതികളും സേവനങ്ങളും ജനങ്ങൾക്കിടയിൽ പരമാവധി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. സ്‌കാൻ ആൻഡ് വിൻ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവർ കെ.എസ്.ഐ.ഡി.സിയുടെ സ്റ്റാളിലെത്തി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജ്, യൂട്യൂബ് എന്നിവയുടെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്തു കയറണം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിലാണ് ചോദ്യം ഉൾപ്പെടുത്തിയിട്ടുള്ളത്. മത്സരാർഥികൾ ചോദ്യത്തിന് താഴെയുള്ള കമന്റ് ബോക്‌സിൽ ഉത്തരം രേഖപ്പെടുത്തണം. ഫേസ്ബുക്കിലോ/ഇൻസ്റ്റാഗ്രാമിലോ ഉത്തരം രേഖപ്പെടുത്താം. ഉത്തരം രേഖപ്പെടുത്തിയാൽ കെ.എസ്.ഐ.ഡി.സിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ ഫോളോ, സബ്സ്‌ക്രൈബ് ചെയ്യണം. ഇവ മൂന്നും സബ്സ്‌ക്രൈബ് ചെയ്ത മത്സരാർഥിയെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. വിജയിയെ ഫേസ്ബുക്കിലോ/ഇൻസ്റ്റാഗ്രാമിലോ പ്രഖ്യാപിക്കും. തിരഞ്ഞെടുക്കുന്നവർക്ക് 1000 രൂപയാണ് സമ്മാനം. സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്ക് കെഎസ്ഐഡിസിയുടെ വിവിധ ലോണുകളും പദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനായുള്ള ഇ-ബ്രോഷറും സ്റ്റാളിലെ മുഖ്യാകർഷണമാണ്. കെ.എസ്.ഐ.ഡി.സി വഴി വായ്പയെടുക്കാനാഗ്രിക്കുന്നവർക്കുള്ള എല്ലാ സംശയങ്ങൾക്കും ഇവിടെത്തിയാൽ ഉത്തരം ലഭിക്കും.
_ആശയമുണ്ടോ..? ബിസിനസാക്കി മാറ്റം_
സ്മാർട്ട് ആശയങ്ങൾ ബിസിനസ് ആക്കി മാറ്റാനുള്ള നിർദേശങ്ങളും വായ്പാ പദ്ധതികളും പരിചയപെടുത്തുകയാണ് കെ.എസ്.ഐ.ഡി.സി സ്റ്റാൾ. നിങ്ങളുടെ ആശയങ്ങൾ ഏതുമാകട്ടെ അവ ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അഞ്ചു ശതമാനം പലിശയ്ക്ക് അഞ്ചു കോടി രൂപ വരെ വായ്പ നൽകുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക വായ്പ പദ്ധതി മുതൽ അഞ്ചു മിനുറ്റിൽ എം.എസ്.എം.ഇ ലൈസൻസ് കിട്ടുന്ന കെ സ്വിഫ്റ്റ് ഓൺലൈൻ പോർട്ടലും സ്റ്റാളിൽ പരിചയപ്പെടുത്തുന്നു. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതിയിലൂടെ ഒരു കോടി രൂപ ധനസഹായം നൽകുന്ന പദ്ധതിയും ഒരു കോടി രൂപ മുതൽ 60കോടി രൂപ വരെ വായ്പ നൽകുന്ന ടേം ലോൺ പദ്ധതിയുമെല്ലാം കെ.എസ്.ഐ.ഡി.സിയുടെ പ്രധാന വായ്പാ പദ്ധതികളാണ്. വനിതാ സംരംഭകർക്ക് അഞ്ചു ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന വി മിഷൻ വായ്പാ പദ്ധതിയുമെല്ലാം കെ.എസ്.ഐ.ഡി.സിയുടെ മുഖ്യ ആകർഷണ പദ്ധതികളാണ്. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന കെ.എസ്.ഐ.ഡി.സിയുടെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാൻ നിരവധി പേരാണ് സ്റ്റാളിൽ എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ksidc.org, enquiry@ksidcmail.org, ഫോൺ: 0471-2318922, 0484-2323010.