തിരൂർ നിയോജക മണ്ഡലം ‘തീരസദസ്സ്’ മന്ത്രി ഉദ്ഘാടനം ചെയ്തു
പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പകരം കൂടുതൽ സുരക്ഷിതവും ആധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധന രീതി നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പറവണ്ണ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തിരൂർ നിയോജക മണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന-ക്ഷേമകാര്യ പ്രവർത്തനങ്ങൾ എത്രത്തോളം മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമായി എന്നറിയുന്നതിനാണ് തീരസദസ്സ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഫിഷറീസ് മേഖലയിൽ മൂല്യ വർധിത ഉത്പന്നങ്ങളുടെ ശൃംഖല സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികൾ ഇൻഷൂറൻസ് എടുക്കുന്നതിൽ വിമുഖത കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മത്സ്യതൊഴിലാളികളെയും കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ വഴിയുള്ള ആനുകൂല്യങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.
പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ എന്നിവർ മുഖ്യാതിഥികളായി. തീര സദസ്സിലും അതിന് മുന്നോടിയായി നടന്ന മുഖാമുഖം ചർച്ചയിലും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, സബ് കളക്ടർ സച്ചിൻകുമാർ യാദവ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് കമ്മീഷണർ ഒ. രേണുകാദേവി, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്‌സൽ, എ.ഡി.എം എൻ.എം മെഹറലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൗസിയ നാസർ, വെട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ സിനി ഗണേഷൻ, മത്സ്യഫെഡ് ബോർഡ് അംഗം പി.പി സൈതലവി എന്നിവർ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള റിപ്പോർട്ട് അവതരണം നടത്തി. ജനപ്രതിനിധികൾ, ഫിഷറീസ് ഡയറക്ടർ, മത്സ്യഫെഡ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാന്മാർ, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്‌കാരിക നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ, സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ, സാഫ്, ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
തിരൂർ മണ്ഡലത്തിൽ ലഭിച്ചത് 143 പരാതികൾ
തിരൂർ നിയോജകമണ്ഡലത്തിൽ നടന്ന തീരസദസ്സിൽ മത്സ്യതൊഴിലാളികളിൽ നിന്നും ലഭിച്ചത് 143 പരാതികൾ. ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 26 പരാതികൾ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 13 പരാതികൾ തീർപ്പാക്കുകയും നാല് പരാതികൾ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മത്സ്യഫെഡുമായി ബന്ധപ്പെട്ട ആറ് പരാതികളും തീർപ്പാക്കുന്നതിന് നടപടികളായി. ലൈഫ് ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് തുടങ്ങി മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അതത് വകുപ്പുകൾ മുഖേന തീർപ്പാക്കുന്നതിന് താലൂക്ക് തല അദാലത്തിലേക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മണ്ഡലത്തിലെ സീവാൾ റോഡിന്റെ ആവശ്യം പരിഗണിച്ച് ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സി.ആർ.സെഡ് വിഷയത്തിൽ വീട് നിർമാണത്തിന് പെർമിറ്റ്, വീട്ട് നമ്പർ എന്നിവ ലഭിക്കാത്തത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിന് ജില്ലയുടെ ചുമതല കൂടിയുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേർന്ന് തീർപ്പാക്കുന്നതിന് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. ജനകീയ പങ്കാളിത്തത്തോടു കൂടി ആവിൽപുഴ തോട് മാലിന്യമുക്തമാക്കുന്നതിനും തീരുമാനിച്ചു. വെട്ടം കുടുംബാംരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള പുത്തൻകാവ് സബ്സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കാനും തീരുമാനിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യതൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 33 ഗുണഭോക്താക്കൾക്ക് 3,30,000 രൂപ വിതരണം ചെയ്തു. മത്സ്യബന്ധനത്തിനിടെ അപകടമരണം സംഭവിച്ച നാല് മത്സ്യതൊഴിലാളികളുടെ ആശ്രിതർക്ക് 60,000 രൂപ ധനസഹായമായും അനുവദിച്ചു.
രണ്ട് സെഷനുകളായാണ് തീരസദസ്സ് സംഘടിപ്പിച്ചിരുന്നത്. ആദ്യസെഷനിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മണ്ഡലത്തിലെ ജനപ്രതിനിധികളുമായി പ്രാദേശികമായുള്ള പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും നടപ്പിലാക്കേണ്ട അടിയന്തര വികസന പദ്ധതികളുമാണ് ചർച്ച ചെയ്തത്. രണ്ടാമത്തെ സെഷനിൽ ഇപ്രകാരം ലഭിച്ച പരാതികളിന്മേൽ ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് അവിടെ വച്ച് തന്നെ പരിഹരിച്ചു.
താനൂർ ബോട്ട് ദുരന്തം: നടത്തുന്നത് പഴുതുകളില്ലാത്ത അന്വേഷണം
ഒരു സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന ഏറ്റവും ഉയർന്ന അന്വേഷണമാണ് താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ താനൂരിലുണ്ടായ ബോട്ടപകടവുമായി ബന്ധപ്പെട്ട വീഴ്ചകൾ കണ്ടെത്തുക മാത്രമല്ല, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയുമാണ് സർക്കാർ ലക്ഷ്യം. ഏറെ ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായിട്ടുള്ളത്. മരണപ്പെട്ടവരുടെ ആശ്രതർക്ക് 10 ലക്ഷം രൂപയും ചികിത്സയിലുള്ളവരുടെ ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി ഉൾപ്പടെ 14 മന്ത്രിമാർ ഒരു ദുരന്തമുഖത്ത് നേരിട്ടെത്തി മന്ത്രിസഭാ യോഗം ഉൾപ്പടെ ചേരുന്നത്. അത്രമേൽ ഗൗരവത്തോടെയാണ് സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.