മനുഷ്യത്വപരമായ വികസനത്തിന് ഊന്നൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ സംയോജിപ്പിച്ച് പ്രശ്നങ്ങളെ അതിവേഗം പരിഹരിക്കാനുള്ള ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. മുകുന്ദപുരം താലൂക്കിലെ “കരുതലും കൈത്താങ്ങും” അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തിൽ നേരിട്ട് ലഭ്യമായ പരാതികൾ ആവശ്യമായ പരിശോധനയ്ക്ക് വിധേയമാക്കി വേഗത്തിൽ തീരുമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.
സദ്ഭരണത്തിന്റെ ഭാഗമായി സർക്കാർ എല്ലാവർക്കും എല്ലായിപ്പോഴും കൂടെയുണ്ടാവുമെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജനങ്ങളുടെ ആവലാതികളും പ്രയാസങ്ങളും പരിഹരിക്കാനാണ് കരുതലും കൈത്താങ്ങും അദാലത്തെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണേണ്ടത് പ്രധാന വിഷയമാണെന്നും പരാതികളിൽ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുക എന്നതാണ് അദാലത്തിന്റെ ലക്ഷ്യമെന്നും പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന അദാലത്തിൽ എംഎൽഎമാരായ വി ആർ സുനിൽകുമാർ, കെ കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം ടി മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുത്തു.