ജനങ്ങളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുമ്പോൾ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിനും ചട്ടത്തിനും അകത്തു നിന്ന് പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നു പരിശോധിക്കണം. പരാതിയുമായി എത്തുന്നവരെ സംശയത്തിന്റെ കണ്ണട വെച്ചല്ല വിശ്വാസത്തിന്റെ കണ്ണട വെച്ചാണ് നോക്കേണ്ടത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന യാഥാർഥ്യം മനസിലാക്കണം. അദാലത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള മന്ത്രിമാർക്ക് എല്ലാ വകുപ്പുകളുടെയും പരാതികൾ പരിഹരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യായമായ പരിഹാരം സമയബന്ധിതമായി ലഭ്യമാക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. പ്രസാദ് പറഞ്ഞു. അദാലത്തിൽ പരിഗണിക്കുന്ന പരാതികളിന്മേൽ കൃത്യമായ തുടർനടപടികളുണ്ടാകും. ഇതിനായി പ്രത്യേക വിംഗും ചുമതലക്കാരും കളക്ടറേറ്റിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കണയന്നൂർ താലൂക്കിൽ ആകെ 293 പരാതികളാണ് പരിഗണിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, സബ് കളക്ടർ പി. വിഷ്ണു രാജ്, ഡെപ്യൂട്ടി കളക്ടർമാരായ ബി. അനിൽകുമാർ, എസ്. ബിന്ദു, ഹുസൂർ ശിരസ്തദാർ കെ. അനിൽ കുമാർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.