ആധുനിക യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് കയറ്റിറക്ക് ജോലി ചെയ്യാ൯ നിലവിലെ ചുമട്ടുതൊഴിലാളികളെ പ്രാപ്തരാക്കാനാണ് നവശക്തി പദ്ധതി സർക്കാർ നടപ്പാക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവ൯കുട്ടി പറഞ്ഞു. എസ്കവേറ്ററുകൾ, ക്രെയി൯ തുടങ്ങിയവ ഉപയോഗിക്കുന്നതിൽ ഈ പദ്ധതിയിലൂടെ തൊഴിലാളികൾക്ക് പ്രാവീണ്യം ലഭിക്കും. ഐ.ടി പാർക്കുകളിലും പ്രത്യേക സാമ്പത്തിക മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് പദ്ധതിയിലേക്ക് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ചുമട്ടുതൊഴിലാളികളുടെ നൈപ്യുണ്യ വികസനം മു൯നിർത്തി ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നടപ്പാക്കുന്ന നവശക്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

തൊഴിലുമായി ബന്ധപ്പെട്ട മേഖലകളും സാധ്യതകളും മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നിലവിലെ തൊഴിലാളികൾക്ക് നൈപുണ്യമികവും അടിസ്ഥാന യോഗ്യതകളും ഉറപ്പു വരുത്തി അഭിമാനകരമായി ജോലി ചെയ്യാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. ഓരോ തൊഴിൽ മേഖലയിലും വരുന്ന പുതിയ മാറ്റങ്ങൾ, പുതിയ ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവക്കനുസരിച്ച് തൊഴിലാളികൾ സ്വയം നവീകരിക്കണമെന്നും തൊഴിൽ രീതികളിൽ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.

ചുമട് തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള സാധന സാമഗ്രികളുടെ കയറ്റിറക്കിൽ തൊഴിലാളികൾ പരിശീലനം നേടണം. നിലവിലെ നിയമപ്രകാരം അത്തരം സാധന സാമഗ്രികളുടെ കയറ്റിറക്കലിന് ചുമട്ടു തൊഴിലാളികൾക്ക് അവകാശം ഇല്ല. ഇതിന് നവശക്തി പദ്ധതി പരിഹാരമാകും. പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളുടെ പരിശീലനവും നവശക്തിയുടെ ഭാഗമായി ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികൾക്ക് ലഭ്യമാകും.

ചുമട്ടു തൊഴിലാളികളുടെ അന്തസിന് കോട്ടമുണ്ടാക്കിയിരുന്ന നോക്കുകൂലി പോലുള്ള അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് രാഷ്ട്രീയ ഭേദമന്യേ സംഘടനകളുടെ പിന്തുണ ലഭിച്ചിരുന്നു. ചില ഒറ്റപ്പെട്ട പരാതികൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. അതൊഴിവാക്കണം. അധ്വാനത്തിന് അർഹതപ്പെട്ട കൂലി വാങ്ങുന്നതിലാണ് അഭിമാനം. അത് സർക്കാർ ഉറപ്പാക്കുന്നുമുണ്ട്. മഹാപ്രളയം, കോവിഡ് പോലെ എല്ലാ മഹാദുരന്തങ്ങളിലും പൊതു സമൂഹത്തിന് കൈത്താങ്ങായി മു൯പന്തിയിൽ പ്രവർത്തിച്ച ചുമട്ടു തൊഴിലാളികളുടെ സ്വീകാര്യത പൊതു സമൂഹത്തിൽ വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാ൯ ആർ. രാമചന്ദ്ര൯, തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ക്ഷേമ ബോർഡ് ചീഫ്എക്സിക്യുട്ടീവ് ഓഫീസർ കെ. ശ്രീലാൽ, ഫിനാ൯സ് ഓഫീസർ ടി.എ൯. മുഹമ്മദ് ഷഫീഖ്, നവശക്തി നോഡൽ ഓഫീസർ ആർ. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.