കൊറ്റമ്പത്തൂർ കോളനിയിലെ 19 കുടുംബങ്ങൾക്ക് ഇനി വില്ലേജ് ഓഫീസിൽ പോയി നികുതി അടയ്ക്കാം. പട്ടയമില്ലാത്ത ഭൂമി എന്ന പരിഹാസങ്ങൾക്കും അവഗണനകൾക്കും മറുപടിയായി സംസ്ഥാന തല പട്ടയമേളയിലെത്തി അവർ അഭിമാനത്തോടെ പട്ടയങ്ങൾ ഏറ്റുവാങ്ങി. 2018 ലെ പ്രളയത്തിൽ ഉറ്റവരും വീടും നാടുമെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ 19 കുടുംബങ്ങൾക്ക് 2021 ലാണ് സർക്കാർ ദേശമംഗലത്ത് വീട് നിർമ്മിച്ചു നൽകിയത്. പ്രളയബാധിതർക്കായി ഡോ. ഉഷ രാമകൃഷ്ണൻ വിട്ടു നൽകിയ ഭൂമിയിലാണ് സർക്കാർ 19 കുടുംബങ്ങൾക്ക് അഞ്ച്‌ സെന്റ് വീതം തിരിച്ച് വീടുകൾ നിർമ്മിച്ച് കൈമാറിയത്. കൂലിപ്പണി ഉപജീവനമാക്കിയ ഇവർക്ക് താമസിക്കുന്ന വീടിന് പട്ടയമില്ലാത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇവരുടെ സാഹചര്യം പരിഗണിച്ച് പ്രത്യേക ഓർഡർ പ്രകാരമാണ് പട്ടയം അനുവദിച്ചത്.

ഉരുൾപ്പൊട്ടലിൽ ഒറ്റനിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവർക്ക് പട്ടയം ലഭിച്ചത് ഏറെ ആശ്വാസമായി. കൊറ്റംമ്പത്തൂർ കോളനിയിലെ 19 കുടുംബങ്ങൾ ഒരുമിച്ചെത്തി പട്ടയങ്ങൾ സ്വീകരിച്ച് തങ്ങളുടെ സന്തോഷം റവന്യൂ മന്ത്രിയുമായി പങ്കുവെച്ചാണ് മടങ്ങിയത്. ദുരിതത്തിന്റെ ആഴക്കടലിൽ നിന്ന് കരകയറികൊണ്ടിരിക്കുന്നവർക്ക് കൈത്താങ്ങായി നിൽക്കുന്ന സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദി പറയാനും അവർ മറന്നില്ല.