ഉപജീവനത്തിനായി പൊരുതുന്ന നിജിതക്ക് കരുതലോടെ താങ്ങായി തലപ്പിള്ളി താലൂക്ക് തല അദാലത്ത്. ജീവിത മാർഗത്തിനായി പെട്ടിക്കട തുടങ്ങാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് തെക്കുംകര സ്വദേശിനി നിജിത അദാലത്തിലെത്തിയത്.

ഉപജീവനമാർഗത്തിനായി സ്വയം തൊഴിൽ പദ്ധതികളിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് നടപടികൾ സീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ ദേവസ്വം പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദേശം കൊടുത്തു. പേടിക്കാതെ വീട്ടിൽ പോവാനും ശരിയായില്ലെങ്കിൽ നേരിട്ട് വന്ന് കാണാനും നിജിതയോട് പറഞ്ഞു.

വയ്യാത്ത കിടപ്പ് രോഗിയായ അമ്മയെയും വയ്യാത്ത രണ്ട് മക്കളെയും നിജിത ഒറ്റക്കാണ് നോക്കുന്നത്. ഭർത്താവിൽ നിന്ന് ഒരു സഹായവും ഇല്ലാത്തത് കൊണ്ട് വളരെയേറെ കഷ്ടപ്പെട്ടാണ് കുടുംബം പോറ്റുന്നത്. ഉപജീവനത്തിന് വേണ്ടി പൊരുതുന്ന നിജിതക്ക് താങ്ങും തണലുമായി താലൂക്ക് തല അദാലത്ത് മാറി.