ആസ്വാദകരെ സംഗീത നിർവൃതിയിൽ ആറാടിച്ച് ജ്വാല മ്യൂസിക് ഫ്യൂഷൻ. മട്ടന്നൂർ ശങ്കരൻകുട്ടിയും ഉമയാൾപുരം കെ ശിവരാമനും ഫ്രീജോ ഫ്രാൻസിസും ചേർന്ന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനം ഗംഭീരമാക്കി. പത്മശ്രീ, പത്മവിഭൂഷൻ അവാർഡ് ജേതാവ് മൃദംഗ വിധ്വാൻ ഡോ. ഉമായാൾപുരം ശിവരാമൻ നയിച്ച ജ്വാല മ്യൂസിക് സംഗീത പ്രേമികളെ പിടിച്ചിരുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതത്തിന് പുറമെ പാശ്ചാത്യ സംഗീതത്തിലും മൃദംഗത്തിന്റെ സ്ഥാനം നിർണ്ണയിച്ച സംഗീതജ്ഞനാണ് ഡോ.ഉമയാൾപുരം ശിവരാമൻ. ചെണ്ടയിൽ മാന്ത്രികത തീർത്ത് മട്ടന്നൂർ ശങ്കരൻകുട്ടിയും കീബോർഡുമായി ഫ്രിജോ ഫ്രാൻസിസും കൂടെ ചേർന്നപ്പോൾ കോഴിക്കോട് ബീച്ച് സംഗീത മഴയിൽ നനഞ്ഞു.
ഹംസധ്വനി രാഗത്തിൽ വാതാപി ഗണപതിം എന്ന ഗാനത്തോടെയാണ് മ്യൂസിക് ഫ്യൂഷൻ ആരംഭിച്ചത്. ചാരുകേശി, ആഭേരി രാഗത്തിലെ പ്രകടനം നിറഞ്ഞ കയ്യടിയോടെയാണ് ആളുകൾ സ്വീകരിച്ചത്. വയലിനിൽ ആറ്റുകാൽ ബാലസുബ്രഹ്മണ്യവും ഘടത്തിൽ തൃപ്പൂണിത്തറ രാധാകൃഷ്ണനും താളത്തിൽ എൻ. ഹരിഹരൻ എന്നിവരും മ്യൂസിക് ഫ്യൂഷന്റെ ഭാഗമായി. രണ്ട് മണിക്കൂർ നീണ്ട മ്യൂസിക്ഫ്യൂഷൻ ഒരു നിമിഷം പോലും ആളുകളെ നിരാശരാക്കിയില്ല.