പതിനഞ്ച് കിലോമീറ്ററിലേറെ തീരദേശമുള്ള തലശ്ശേരി നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ കടൽഭിത്തി ഉയർത്തണമെന്നും ഭിത്തിയിടിഞ്ഞ സ്ഥലങ്ങളിൽ ഭിത്തി പുനർനിർമ്മിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി മത്സ്യ ബന്ധന, സാംസ്കാരിക, യുവജന കാര്യവകുപ്പ് മന്ത്ര സജി ചെറിയാൻ്റെ നേതൃത്വത്തിൽ നടത്തുന്ന തീര സദസ്സിന് മുന്നോടിയായി തലശ്ശേരി പാരീസ് റസിഡൻസിയിൽ നടന്ന ജനപ്രതിനിധി- തൊഴിലാളി സംഘടനാ പ്രതിനിധി-ഉദ്യോഗസ്ഥ ചർച്ചയിലാണീനിർദ്ദേശം. ചാലിൽ, മാങ്കൂട്ടം, കല്ലിനിപ്പുറം, ഇന്ദിരാ പാർക്ക്, മണക്കാവിൽ, തലായി, ഗോപാൽ പേട്ട തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണ ഭീഷണിയുള്ളത്. ഇത് സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപോർട്ട് സമർപ്പിക്കാൻ മന്ത്രി സജി ചെറിയാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അധ്യക്ഷതയിലായിരുന്നു ചർച്ച. തലായി മത്സ്യ ബന്ധന തുറമുഖം, ഗോപാൽപേട്ട ഫിഷ് ലാൻ്റിംഗ് സെൻ്റർ എന്നിവ പൂർണ്ണ പ്രവർത്തനക്ഷമമാക്കാൻ അടിയന്തിര ഇടപെടലുണ്ടാവണമെന്ന് സ്പീക്കർ പറഞ്ഞു. ഹാർബർ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കണം.എം ജി റോഡിൻ്റെ നവീകരണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. നഗരസൗന്ദര്യവൽക്കരണ നടപടികൾ ആരംഭിക്കണം. സി ആർ ഇസെഡ് സോണിൽ പെട്ട ന്യൂമാഹി പഞ്ചായത്തിൻ്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സ്പീക്കർ ഷംസീർ പറഞ്ഞു.
എരഞ്ഞോളി അഡാക് ഫാമിൻ്റെ വികസനം, തലശ്ശേരി മണ്ഡലത്തിലെ സ്കൂളുകളുടെ വികസനത്തിനുള്ള ഫണ്ട് വകയിരുത്തൽ എന്നിവയിലും മന്ത്രിയുടെ ശ്രദ്ധയുണ്ടാവണമെന്ന് സ്പീക്കർ നിർദേശിച്ചു.
തീരദേശ റോഡുകളുടെ നവീകരണവും സംരക്ഷണവും, കൾവെർട്ട് നിർമ്മാണം, പുഴ ഭിത്തി സംരക്ഷണം, ചാലിൽ പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കുക, പുനർഗേഹം പദ്ധതിയുടെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക, തീർദേശ മേഖലയിൽ ശാസ്ത്രീയമായ അഴുക്ക്ചാൽ നിർമ്മാണം, ഗോപാൽപേട്ടയിലെ 125 ലേറെ മത്സ്യതൊഴിലാളികൾക്ക് പട്ടയം അനുവദിക്കൽ, കടൽ പാലസംരക്ഷണം, കുടിവെള്ള ക്ഷാമം പരിഹരിക്കൽ, തലായി ഹാർബറിൽ പെട്രോൾ പമ്പ് അനുവദിക്കൽ, സുനാമി ഫ്ലാറ്റുകളുടെ പുനർ വിതരണം, മത്സ്യ വിതരണ അനുബന്ധ തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ തുടങ്ങി നിരവധി ആവശ്യങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ചു.
സുനാമി ഫ്ലാറ്റിൻ്റെ പ്രശ്ന പരിഹാരത്തിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,  ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി,
മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ ,തലശ്ശേരി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, പ്രതിനിധികൾ , തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.