സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറന്നു.തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി വാണിജ്യ സമുച്ചയം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ക്വാട്ടേഴ്സ് പരിസരത്ത് നടന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി.ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബുഷറ ലത്തീഫ് , അഡ്വ. എ വി മുഹമ്മദ് അൻവർ , പ്രസന്ന രണദിവെ , കൗൺസിലർ കെ വി സത്താർ, നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലീം നന്ദിയും പറഞ്ഞു. നഗരസാ സെക്രട്ടറി കെ ബി വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ചാവക്കാട് നഗരസഭ ഒമ്പതാം വാർഡിൽ പഴയ പഞ്ചായത്ത് ഓഫീസ് നിലനിന്നിരുന്ന സ്ഥലത്താണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചെലവഴിച്ച് 1500 ചതുരശ്ര അടിയിൽ വാണിജ്യ സമുച്ചയ നിർമ്മാണം പൂർത്തീകരിച്ചത്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർവ്വഹണച്ചുമതല. ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി സെയ്ത് മുഹമ്മദിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പേരാണ് വാണിജ്യ സമുച്ചയത്തിന് നൽകിയിട്ടുള്ളത്. ചാവക്കാട്, ഗുരുവായൂർ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന വാണിജ്യ സമുച്ചയം കൂടിയാണിത്. പ്രാദേശിക സാമ്പത്തിക വികസനത്തിന് അവസരമൊരുക്കുന്നതിനും സംരംഭകർക്ക് പുതു അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി വഴി സാധിക്കും.