ഒറ്റപ്പാലം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും കാലതാമസമില്ലാതെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ന്യായമായ ആവശ്യമാണ് പരാതി പരിഹാര അദാലത്തിന്റെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മനിശ്ശേരി കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന ‘ കരുതലും കൈതാങ്ങും’ ഒറ്റപ്പാലം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ജനങ്ങള്‍ക്ക് നിയമപരമായി ഉചിതമായ തീര്‍പ്പ് ഉണ്ടാക്കണം. നടപടിക്രമങ്ങളുടെയുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കില്‍പ്പെട്ട പരാതികള്‍ കൃത്യമായി പരിശോധിച്ച് കാര്യക്ഷമമായി തീര്‍പ്പാക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തുകയാണെന്നും മന്ത്രി പറഞ്ഞു.

നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് സമാനതകളില്ലാതെ സമയബന്ധിതമായി പരിഹാരം കാണുകയാണ് പരാതി പരിഹാര അദാലത്തുകളിലൂടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 26 പേരുടെ റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ ഇരു മന്ത്രിമാരും കൈമാറി. അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍ അധ്യക്ഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പരിപാടിയില്‍ പ്രതിപാദിച്ചു. പ്രതിപാദിച്ച വിഷയങ്ങള്‍ക്ക് പുറമെയുള്ളവ ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

എം.എല്‍.എമാരായ അഡ്വ. കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന രാജേന്ദ്രപ്രസാദ്, സുനിത ജോസഫ്, ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ജാനകിദേവി, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍മാരായ എം.കെ ജയപ്രകാശ്, പി. രാമചന്ദ്രന്‍, വാണിയംകുളം, അമ്പലപ്പാറ, അനങ്ങനടി, ലക്കിടി പേരൂര്‍, ചളവറ, കരിമ്പുഴ, കടമ്പഴിപ്പുറം, നെല്ലായ, ശ്രീകൃഷ്ണപുരം, തൃക്കടീരി, വെള്ളിനേഴി, പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഗംഗാധരന്‍, പി. വിജയലക്ഷ്മി, പി. ചന്ദ്രന്‍, കെ. സുരേഷ്, ഇ. ചന്ദ്രബാബു, ഇ. ഉമ്മര്‍ കുന്നത്ത്, ശാസ്തകുമാര്‍, കെ. അജേഷ്, സി. രാധിക, എ.പി ലതിക, കെ. ജയലക്ഷ്മി, പി. ജയശ്രീ, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, എ.ഡി.എം കെ. മണികണ്ഠന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.