സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടികൾ പൂർത്തീകരിക്കണം.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
സ്‌കൂളും പരിസരവും വൃത്തിയാക്കണം. പി.ടി.എയുടെ നേതൃത്വത്തിൽ ജനകീയ സന്നദ്ധ പ്രവർത്തനം നടത്തി സ്‌കൂൾ ശുചീകരിക്കണം. സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകൾ, അദ്ധ്യാപക-വിദ്യാർത്ഥി-ബഹുജന സംഘടനകൾ മുതലായവയെ സഹകരിപ്പിക്കണം.
സ്‌കൂളുകളിൽ നിർത്തിയിട്ട, ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി കൈക്കൊള്ളണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കണം.
സ്‌കൂളുകളിൽ വിതരണം ചെയ്ത ഐ.ടി ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഹാർഡ്‌വെയർ ക്ലിനിക്ക് നടത്തി കമ്പ്യൂട്ടറുകളുടെയും ഇതര ഐടി ഉപകരണങ്ങളുടെയും പരിശോധന പൂർത്തീകരിച്ച് അറ്റകുറ്റ പണികൾ ആവശ്യമെങ്കിൽ നടത്തണം. പൂർണമായും ഉപയോഗശൂന്യമായവ ഒഴിവാക്കണം.
സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കി ക്ലോറിനേഷൻ അടക്കമുള്ള ജല ശുചീകരണ നടപടികൾ പൂർത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം.
സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാഭിത്തികൾ നിർമിക്കണം. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് ശ്രദ്ധിക്കണം.
സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം.
റെയിൽ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കണം.
ദുരന്ത ലഘൂകരണത്തിന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം ലഭ്യമാക്കണം. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ സംഘടിപ്പിക്കണം.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെളളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണം.
അക്കാദമിക മികവ് ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിനായി ആവിഷ്‌ക്കരിച്ച പ്രധാന പ്രവർത്തനമായ അക്കാദമിക മാസ്റ്റർ പ്ലാൻ തുടരേണ്ടതുണ്ട്. എല്ലാ വിദ്യാലയങ്ങളും ജൂൺ 15നകം നവീകരിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശിപ്പിക്കണം.
നാലാം ക്ലാസ്സ് പൂർത്തീകരിക്കുമ്പോഴേക്കും മുഴുവൻ കുട്ടികളും എഴുത്തിലും കണക്കിലും മികവ് പുലർത്തുമെന്ന് ഉറപ്പാക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം. സമഗ്രശിക്ഷാ കേരളം ഇതിന് മുൻകൈയ്യെടുക്കണം.
അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണ്. ഒറ്റപ്പെട്ട വിദ്യാലയങ്ങളിൽ പുസ്തകങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ സൂക്ഷ്മമായി പരിശോധിച്ച് പാഠപുസ്തകങ്ങൾ ലഭ്യമായി എന്ന് ഉറപ്പാക്കണം.
മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ് വികസിപ്പിക്കണം. തീരദേശ നിവാസികളായ മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കണം. പഠന പിന്തുണയ്ക്കായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.
പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കണം. കുട്ടികൾക്ക് മതിയായ പഠന പിന്തുണ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം.
ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും മെന്റർ ടീച്ചർമാരെ നിയമിച്ചിരുന്നു. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ മെന്റർ ടീച്ചർമാർ സ്‌കൂളിലെത്തുമെന്ന് ഉറപ്പാക്കണം. കൂടുതൽ സ്‌കൂളുകളിലേക്ക് മെന്റർ ടീച്ചർമാരുടെ സേവനം ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണം.
ഗോത്ര മേഖലകളിലെ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിന് ആവിഷ്‌ക്കരിച്ച ഗോത്ര സാരഥി പദ്ധതി തുടരുന്നുണ്ടെന്ന് ഉറപ്പാക്കണം. ജൂൺ ഒന്നുമുതൽ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ആവശ്യമായ വാഹന സൗകര്യം ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ട്രൈബൽ പ്രൊമോട്ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകണം.
ഗോത്ര വിദ്യാർത്ഥികളുടെ പഠന പിന്തുണയ്ക്കായി സമഗ്രശിക്ഷാ കേരളം നടത്തിവന്ന 60 ഊരു വിദ്യാകേന്ദ്രങ്ങൾക്ക് ഇക്കുറി കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിദ്യാവളണ്ടിയർമാരുടെ സേവനം തുടർന്നും ഉറപ്പാക്കാൻ പട്ടികജാതി പട്ടികവർഗ്ഗ വികനസ വകുപ്പ് നടപടി സ്വീകരിക്കണം.
ലേണിംഗ് ഡിസബിലിറ്റി ഉൾപ്പെടെയുള്ള പരിമിതികൾ നേരത്തെ തിരിച്ചറിഞ്ഞ് അനുയോജ്യ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പുകൾ അദ്ധ്യയനവർഷ ആരംഭത്തിൽ തന്നെ നടത്തണം.
ഇടമലക്കുടി ഗവ. ട്രൈബൽ എൽ.പി. സ്‌കൂളിൽ നടപ്പിലാക്കിയ പഠിപ്പുറസി പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ വിദ്യാലയം യു.പി സ്‌കൂളായി അപ്ഗ്രേഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നടന്നുവരുന്ന ബ്രിഡ്ജ് സ്‌കൂളിന്റെ സൗകര്യം പ്രയോജനപ്പെടുത്തി ഈ അക്കാദമിക വർഷം തന്നെ അഞ്ചാംക്ലാസ്സ് ആരംഭിക്കാവുന്നതാണ്. അതിനാൽ മെയ് 27നകം അപ്ഗ്രേഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം.
സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാം ഘട്ടം ജൂൺ 1 മുതൽ ആരംഭിക്കണം. എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് തയ്യാറാക്കിയ ‘തെളിമാനം വരയ്ക്കുന്നവർ’ എന്ന കൈപുസ്തകം പ്രയോജനപ്പെടുത്തണം. ഓരോ മാസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് മാർഗ്ഗരേഖയായി എല്ലാ വിദ്യാലയങ്ങളിലും എത്തിക്കണം. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷനും പ്രധാന അദ്ധ്യാപകൻ കൺവീനറുമായി രൂപീകരിച്ചിട്ടുള്ള സ്‌കൂൾതല ജനജാഗ്രത സമിതി ഓരോ വിദ്യാലയത്തിന്റെയും സവിശേഷതകൾ പരിഗണിച്ച് തനത് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
സ്‌കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധന നടത്തി ലഹരി വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ജില്ലകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ എം.ബി. രാജേഷ്, ആന്റണി രാജു, കെ. കൃഷ്ണൻ കുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.