മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഹയര്‍ സെക്കൻഡറി പഠനത്തിന് ശേഷം വിദ്യാർത്ഥികളെ മികവുറ്റ പ്രൊഫഷണലുകളാക്കാന്‍ സമഗ്ര ശിക്ഷാ കേരളയുടെ സ്‌കഫോള്‍ഡ് പദ്ധതിയുടെ ഭാ​ഗമായുള്ള പഞ്ചദിന റസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ​ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലൂടെ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ സർക്കാർ സ്കൂളുകൾക്ക് സാധിച്ചു. ഉന്നത പഠനത്തിന് സാഹചര്യമില്ലാത്ത മിടുക്കരായ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കാനുള്ള പദ്ധതികളും സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ കലാ ഉത്സവിൽ പങ്കെടുത്തവരെയും വിജയിച്ചവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടാൻ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് സ്‌കഫോള്‍ഡ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ജീവിത സാഹചര്യങ്ങൾ പ്രതികൂലമായ പ്രതിഭാശാലികളായ പ്ലസ് വൺ കുട്ടികളെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 500 പേരിൽ നിന്നാണ് 25 പേരെ തിരഞ്ഞെടുത്തത്.

അഭിരുചിയും കഴിവുകളും കൃത്യമായി വിലയിരുത്തി നൈപുണി പരിശീലനവും മറ്റു പരിശീലനങ്ങളും നൽകി വ്യക്തിഗത സവിശേഷതകൾ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. വിവിധ പിന്തുണ സംവിധാനങ്ങളിലൂടെ മികച്ച കരിയർ നേടുന്നതിന് സ്കഫോൾഡ് പദ്ധതി കുട്ടികൾക്ക് സഹായകമാകും.

മെയ് 25 മുതൽ 29 വരെ അഞ്ച് ദിവസങ്ങളിലായാണ് ക്യാമ്പ്. വിവിധ വിഷയങ്ങളിൽ വിദ​ഗ്ദർ ക്ലാസ് നയിക്കും. സൈക്കോമെട്രിക് ടെസ്റ്റ് റിപ്പോർട്ട് ആധാരമാക്കിയുള്ള കരിയർ പ്ലാനിങ്, പഠനയാത്ര, ഇംഗ്ലീഷ് പരിശീലനം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയവയെല്ലാം ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരാധനാ ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോ​ജക്ട് കോർഡിനേറ്റർ എ.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആർ.ഡി.ഡി സന്തോഷ്കുമാർ എം മുഖ്യാതിഥിയായി. എസ്.എസ്.കെ ഡി.പി.ഒമാരായ സജീഷ് നാരായണൻ സ്വാ​ഗതവും വി.ടി ഷീബ നന്ദിയും പറഞ്ഞു.