കോരപ്പുഴ ഡ്രഡ്ജിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട റിംഗ് ബണ്ട് കെട്ടൽ വേഗത്തിലാക്കാൻ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. പ്രവൃത്തി അവലോകനം ചെയ്യാൻ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം നൽകിയത്.
നിലവിൽ അഴിമുഖത്ത് കൂട്ടിയിട്ട സ്പോയിൽ നീക്കം ചെയ്യാനായി 10 ദിവസത്തിനുള്ളിൽ വില നിശ്ചയിച്ച് റവന്യൂ വകുപ്പിന് റിപ്പോർട്ട് കൈമാറും. കാലാവസ്ഥ അനുകൂലമായാൽ സെപ്തംബറിൽ ഡ്രഡ്ജിംഗ് ആരംഭിച്ച് 2024 മാർച്ചിൽ പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകി.
റെയിൽവേപാലം മുതൽ അഴിമുഖം വരെ അടിഞ്ഞുകൂടിയ മണലും ചളിയും നീക്കി പുഴയുടെ ഒഴുക്കും ആഴവും വീണ്ടെടുക്കാനുള്ള പ്രവൃത്തിയാണ് നടക്കാനുള്ളത്. പ്രവൃത്തിയുമായി ബന്ധപ്പെട്ട് കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി മുന്നോട്ടു പോകാൻ ഇറിഗേഷൻ വകുപ്പിനോടും കരാറുകാരോടും മന്ത്രി ആവശ്യപ്പെട്ടു. പ്രവൃത്തി കൃത്യമായി വിലയിരുത്താൻ മോണിറ്ററിങ് കമ്മിറ്റി യോഗം ചേരാനും യോഗത്തിൽ തീരുമാനമായി.
ജില്ലാ കലക്ടർ എ.ഗീത, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാലു സുധാകരൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഫൈസൽ കെ, അസിസ്റ്റന്റ് എഞ്ചിനീയർ സരിൻ പി, കോരപ്പുഴ സംരക്ഷണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.