മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി #IamTheChange എന്ന ഹാഷ്ടാഗില്‍ കേരള ഖരമാലിന്യ പദ്ധതി ഡി.പി.എം.യു ഓഫീസ് കെട്ടിടത്തില്‍ ബയോഡൈജസ്റ്റര്‍ പോട്ട് സ്ഥാപിച്ചു. കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ബി.എസ്.എന്‍.എല്‍, ഗെയില്‍ ഇന്ത്യ, കെ.എസ്.ഡബ്ല്യു.എം.പി എന്നീ ഓഫീസുകളിലെ ജീവനക്കാര്‍ ഈ ജൈവ പരിപാലന സംവിധാനം ഉപയോഗിക്കുമെന്ന് തുടര്‍ന്ന് ഉറപ്പാക്കും. എല്ലാ ജീവനക്കാരും ഇത് സംബന്ധിച്ച് സാക്ഷ്യപത്രം പാലക്കാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. സ്മിതേഷിന് കൈമാറി. ഹരിതകര്‍മ്മ സേനയുമായി ഈ ഓഫീസുകള്‍ ബന്ധിപ്പിക്കാനും തീരുമാനിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി. ബാലഗോപാല്‍ ജീവനക്കാര്‍ക്ക് ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.എസ്.എന്‍.എല്‍ ഓഫീസിനു സമീപമുള്ള ഹെഡ്‌പോസ്റ്റ് ഓഫീസിലെ ജീവനക്കാരും യജ്ഞത്തില്‍ പങ്കാളികളായി. ഹെഡ്‌പോസ്റ്റ് ഓഫീസ് കാന്റീനില്‍ ദിവസേന ഉണ്ടാകുന്ന ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. തുടര്‍ന്ന് ജൈവ മാലിന്യ പരിപാലന ഉപാധികള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും അജൈവ മാലിന്യങ്ങള്‍ പരിപാലിക്കുന്നതിന്റെ ആവശ്യകത, ലംഘിച്ചാലുള്ള നിയമ നടപടികള്‍, മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച്  ഹെല്‍ത്ത് സൂപ്രണ്ട് മനോജ് കുമാര്‍ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പാലക്കാട് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.