എച്ച്. രാമകൃഷ്ണൻ എന്ന വെയ്ബ്രിഡ്ജ് നിർമാണ ലൈസൻസിയുടെ വെയ്ബ്രിഡ്ജ് മോഡൽ മുദ്ര ചെയ്യാത്തത് രാമകൃഷ്ണന് കേന്ദ്ര സർക്കാർ നൽകിയ മോഡൽ അപ്രൂവലിൽ നിന്നും വ്യത്യസ്തമായിട്ട് നിർമിച്ചതിനാലാണെന്ന് ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ അറിയിച്ചു. വർഷങ്ങളായി വ്യവസായം നടത്തുന്ന തന്നെ ലീഗൽ മെട്രോളജി വകുപ്പ് ദ്രോഹിക്കുന്നു എന്ന് രാമകൃഷ്ണൻ ഒരു മാധ്യമത്തിന് മുമ്പാകെ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാമകൃഷ്ണൻ സ്ഥാപിച്ച വെയ്ബ്രിഡ്ജിന്റെ രേഖകൾ പരിശോധിച്ചപ്പോൾ അത് മോഡൽ അപ്രൂവലിൽ നിന്ന് വ്യത്യസ്തമായതിനാൽ മുദ്ര ചെയ്ത് നൽകാൻ കഴിയില്ലായെന്ന് ഇടുക്കി ഫ്ലൈയിങ് സ്വാഡ് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചതാണ്. രാമകൃഷ്ണൻ മോഡൽ അപ്രൂവലുള്ള മറ്റൊരു നിർമാതാവിന്റെ ഇന്റിക്കേറ്റർ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വെയ്ബ്രിഡ്ജ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയത്. ഇങ്ങനെ സർട്ടിഫിക്കറ്റ് നൽകിയ പരാതിയിൽ ഫ്ലൈയിങ് സ്വാഡ് ഡെപ്യുട്ടി കൺട്രോളറോട് വിശദീകരണം ആവശ്യപ്പെടുകയും ആയത് സമർപ്പിച്ചിട്ടുള്ളതുമാണ്. ആ വിഷയത്തിൽ ഉടൻ തുടർനടപടി സ്വീകരിക്കും. രാമകൃഷ്ണൻ വെയ്ബ്രിഡ്ജ് ഉടമകളിൽ നിന്ന് വൻ തുക സർവീസ് ചാർജ് എന്ന പേരിലും അതിലിരട്ടിയോളം തുക ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർക്ക് നൽകാൻ എന്ന പേരിലും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇടുക്കി ഫ്ലൈയിങ് സ്വാഡ് ഡെപ്യൂട്ടി കൺട്രോളർ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.

മോഡൽ അപ്രൂവൽ ഇല്ലാത്ത വെയ്ബ്രിഡ്ജ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്ന് രാമകൃഷ്ണന്റെ നിയമവിരുദ്ധമായ പ്രവർത്തനം അംഗീകരിക്കാവുന്നതല്ല. രാമകൃഷ്ണന്റെ പരാതിയിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കും. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഉപഭോക്താക്കൾക്കോ പൊതുജനങ്ങൾക്കോ ലീഗൽ മെട്രോളജി വകുപ്പിനെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ 1800 425 1550 എന്ന ടോൾഫ്രീ നമ്പറിലോ 0471-2313821 എന്ന നമ്പറിലോ clmkerala@gmail.com/clm.lmd@kerala.gov.in എന്ന ഇ-മെയിലോ അറിയിക്കാം.