കൊടകര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന നവജീവൻ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നവജീവൻ പദ്ധതിയുടെ ഒന്നാംഘട്ട പരിശീലന പരിപാടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചത്. കൗമാരക്കാരായ കുട്ടികൾക്കുള്ള ലൈഫ് സ്കിൽ എജ്യുക്കേഷനാണ് നവജീവനിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
150 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ സമഗ്ര വികസനത്തിൽ ഊന്നിയുള്ള പദ്ധതിയിൽ വിവിധ ആക്ടിവിറ്റികൾ, ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി വർക്ക് ഷോപ്പ് രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. വരന്തരപ്പിള്ളി, അളകപ്പനഗർ, നെന്മണിക്കര, തൃക്കൂർ എന്നീ പഞ്ചായത്തുകളിലെ കുട്ടികളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഭാഗമായത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീലാ മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ ട്രെയിനർ തോമസ് വിൽസൺ കുട്ടികൾക്കായി ക്ലാസ് നിർണയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി സുധീർ, പോൾസൺ തെക്കുംപീടിക, കെ മുകുന്ദൻ, ഷീല ജോർജ് ടെസി വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.