പാലക്കയം വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി കേസില് പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്ന്നുവന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില് ജില്ലയിലെ 16 വില്ലേജ് ഓഫീസുകളില് മിന്നല് പരിശോധനകള് നടത്തി. ചെറുതുരുത്തി, മുള്ളൂര്ക്കര, പടിയം, വെളുതൂര്, എളനാട്, പഴയന്നൂര്, വടക്കേതറ, നടത്തറ, തിരുവില്വാമല, പാമ്പാടി, ചേലംകോട്, ചെമ്പുക്കാവ്, പെരിങ്ങാവ്, വിയ്യൂര്, കോലഴി, കിള്ളന്നൂര് വില്ലേജുകളിലാണ് ഡെപ്യൂട്ടി കലക്ടര്മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള് പരിശോധനകള് നടത്തിയത്.
റവന്യൂ മന്ത്രി കെ രാജന്, ജില്ലാ കലക്ടര് വി ആര് കൃഷ്ണതേജ എന്നിവരുടെ നിര്ദ്ദേശപ്രകാരമായിരുന്നു പരിശോധന. ജില്ലയിലെ സര്ക്കാര് ഓഫീസുകളെ അഴിമതി മുക്തമാക്കുന്നതിനുള്ള കര്ശന നടപടികളുടെ ഭാഗമായാണിത്.
ജനങ്ങള്ക്ക് നല്കേണ്ട ആനുകൂല്യങ്ങള് യഥാസമയം നല്കാതെ വച്ചു താമസിപ്പിക്കുന്ന കേസുകള്, അര്ഹമായ സേവനങ്ങള് നല്കാതിരിക്കുന്ന സംഭവങ്ങള് തുടങ്ങിയവയാണ് ഡെപ്യൂട്ടി കലക്ടര്മാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.
ചില വില്ലേജ് ഓഫീസുകളില് അപേക്ഷകളിലെ നടപടികള് വൈകിപ്പിച്ചതടക്കമുള്ള കേസുകള് കണ്ടെത്തിയതായി ഡെപ്യൂട്ടി കലക്ടര്മാര് അറിയിച്ചു. ഇത്തരം കേസുകളില് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില് നിന്ന് വിശദീകരണം ആരാഞ്ഞ ശേഷം നടപടി കൈക്കൊള്ളും. വരും ദിവസങ്ങളില് കൂടുതല് കര്ക്കശ പരിശോധനകള് നടത്താനാണ് തീരുമാനം.