നാദാപുരം ഗ്രാമപഞ്ചായത്തിൽ ഡിജിറ്റല്‍ സര്‍വ്വേയുടെ ഭാഗമായുള്ള ഡ്രോണ്‍‍ സര്‍വ്വേക്ക് തുടക്കമായി.
സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്തി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനുമായാണ് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നത്. ജി ഐ എസ് മാപ്പിംഗ് വഴിയുളള ഡാറ്റാ കലക്ഷന്‍ പൂര്‍ത്തിയാക്കുന്നതോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങള്‍, റോഡുകള്‍, തോടുകള്‍, കൃഷിഭൂമി, തരിശുഭൂമി, തുടങ്ങിയ എല്ലാ സ്ഥലപരമായ വിവരങ്ങളും ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യും.

പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെ വിവരശേഖരണവും നടത്തി ഓരോ കുടുംബത്തെ കുറിച്ചുള്ള വ്യക്തമായ ദിശാസൂചികകളും അടിസ്ഥാന വിവരങ്ങളും പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ഉരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമായ യുഎൽടിഎസ്സിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായ് 15 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതിൽ നിന്ന് അംഗീകാരം ലഭിച്ചത്.

ഡ്രോൺ സർവ്വേ പ്രവർത്തന ഉദ്ഘാടനം നാദാപുരം ഗവ.യു പി സ്കൂളിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പദ്ധതി വിശദികരിച്ചു .സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,ജനീത ഫിർദൗസ് ,മെമ്പർ അബ്ബാസ് കണയക്കൽ ഊരാളുങ്കൽ ടെക്നോളജി സൊലൂഷന്റെ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സയ്യിദ് മംഗലശ്ശേരി , പ്രോജക്ട് മാനേജര്‍ കെ വി അശ്വതി ,ഫീല്‍ഡ് മാനേജര്‍ കെ ദിനൂപ് സാരംഗ്, ഹാരിസ് മാതോട്ടത്തിൽ എന്നിവർ സംസാരിച്ചു.