കുന്ദമംഗലം നിയോജക മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ നിർവഹണം വേഗത്തിലാക്കാൻ പി.ടി.എ റഹീം എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പട്ടികജാതി കോളനികളിൽ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം.

പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയിൽ പൂർത്തീകരിച്ച വികസന പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുന്നതിനും ഫർണിച്ചർ ഉൾപ്പെടെയുള്ളവ രണ്ടാഴ്ചക്കകം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. കള്ളാടിച്ചോല കോളനി റോഡ് പ്രവൃത്തി നടത്തുന്നതിനാവശ്യമായ വീതിയിൽ സ്ഥലം ലഭ്യമാകാത്ത സാഹചര്യത്തിൽ ബ്ലോക്ക് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും കമ്മിറ്റി പ്രതിനിധികളുടെയും സംയുക്ത പരിശോധന നടത്തി അന്തിമ രൂപം നൽകണം. ഗോശാലിക്കുന്ന് കോളനിയിൽ നിർദ്ദേശിച്ച പ്രവൃത്തികളുടെ ലിസ്റ്റ് തയ്യാറാക്കി അംഗീകാരം ലഭ്യമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

മാവൂർ കോട്ടക്കുന്ന് കോളനിയിൽ ജലജീവൻ പദ്ധതി വഴി കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ കോളനിക്കാർക്ക് ആവശ്യമായ മറ്റ് പ്രവൃത്തികൾക്ക് ഫണ്ട് വിനിയോഗിക്കുന്നതിനും ഇക്കാര്യം കോളനി വാസികളെ ബോധ്യപ്പെടുത്തുന്നതിനും തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിതാ സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുബിത തോട്ടഞ്ചേരി, രേഷ്മ തെക്കേടത്ത്, കെ.കെ കൃഷ്ണൻകുട്ടി, എ ഷീന, നിർമ്മിതി കേന്ദ്ര പ്രതിനിധികളായ ഡെന്നീസ് മാത്യു, ഇ സീന, എം ദിജേഷ്, ടി രാജേഷ്, പട്ടികജാതി വികസന ഓഫീസർ ഐ.പി ശൈലേഷ് തുടങ്ങിയവർ സംസാരിച്ചു.