സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള സുൽത്താൻ ബത്തേരി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 232 പരാതികൾ പരിഹരിച്ചു. ആകെ 335 പരാതികളാണ് ലഭിച്ചത്. ഓൺലൈനായി ലഭിച്ച 232 പരാതികളിൽ 180 പേർ നേരിട്ട് ഹാജരായി. പുതിയതായി 160 പരാതികൾ സ്വീകരിച്ചു. റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. പൊതുജനങ്ങളുടെ പരാതി പരിഹാരങ്ങൾക്കായി 21 കൗണ്ടറുകളാണ് വേദിയിൽ സജ്ജീകരിച്ചത്.

ഭിന്നശേഷിക്കാർ അസുഖ ബാധിതർ എന്നിവർക്കെല്ലാമായി പ്രത്യേക കൗണ്ടറുകളും ഒരുക്കിയാണ് അദാലത്ത് നടന്നത്. മന്ത്രിമാരെ കൂടാതെ ജില്ലാ കളക്ടർ, എ.ഡി.എം, സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ വിവിധ കൗണ്ടറുകളിൽ ലഭ്യമായ പരാതികളിൽ പരിഹാര നടപടികൾക്ക് നേതൃത്വം നൽകി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും അതതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ തീരുമാനമെടുക്കാൻ സന്നിഹിതരായിരുന്നു. ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, പരിസ്ഥിതി മലിനീകരണം, സാമൂഹ്യ പെൻഷൻ കുടിശ്ശിക തുടങ്ങിയ 27 ഇനം പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. മാനന്തവാടി താലൂക്ക്തല അദാലത്ത് 30ന് രാവിലെ 10 മുതൽ വൈകീട്ട് 3 വരെ മാനന്തവാടി ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.