ശാരീരികമായി ഏറെ വെല്ലുവിളി നേരിടുന്ന കാര്യമ്പാടി ശാസ്താപറമ്പില്‍ ഗോപിക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഈ അപേക്ഷയുമായി പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ചെറുപ്പത്തിലെ പോളിയോ ബാധിച്ച് നടക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന ഗോപിക്ക് വീണ്ടും വെല്ലുവിളിയായാണ് 10 വര്‍ഷം മുമ്പ് പ്രമേഹ രോഗവും ബാധിച്ചത്. തുടര്‍ന്ന് കാലിലെ ഞരമ്പുകള്‍ക്ക് രോഗം വ്യാപിച്ചതോടെ ഇരു കാലുകള്‍ക്കും ബലക്ഷയം തുടങ്ങി. പരസഹായമിലാതെ നടക്കാന്‍ പോലും പറ്റാതെയായി. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് നിലവില്‍ എ.പി.എല്‍ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് തരം മാറ്റണം. കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ മുന്‍കൈയ്യെടുത്ത് ഗോപിക്ക് മുന്‍ഗണനാ കാര്‍ഡ് അനുവദിച്ചു. വിറയാര്‍ന്ന കാലുകളുമായി നടക്കാന്‍ ബുദ്ധിമുട്ടുള്ള ഗോപിയുടെ അരികിലെത്തി മന്ത്രി നേരിട്ട് റേഷന്‍ കാര്‍ഡ് കൈമാറുകയായിരുന്നു.