ജനങ്ങളുടെ ശബ്ദത്തിനും പങ്കാളിത്തത്തിനും ഇത്രയും പ്രാധാന്യം നല്‍കുന്ന മറ്റൊരു സര്‍ക്കാര്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍
എല്ലാ മേഖലകളിലും വലിയ വികസന മുന്നേറ്റം സംസ്ഥാന സര്‍ക്കാര്‍ നേടിയെടുത്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കലാജാഥയുടെ പത്തനംതിട്ട ജില്ലയിലെ പര്യടനം പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും നാടിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്ത് പിടിച്ചു. കേരളത്തിലുടനീളം സംഘടിപ്പിച്ച കലാജാഥയിലൂടെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജനങ്ങളുടെ ശബ്ദത്തിനും പങ്കാളിത്തത്തിനും ഇത്രയും പ്രാധാന്യം നല്‍കുന്ന മറ്റൊരു സര്‍ക്കാര്‍ ഇല്ലെന്നും അതു തന്നെയാണ് കേരളത്തെ മികച്ചതാക്കുന്നതെന്നും അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക മാത്രമല്ല ജനങ്ങളാണ് സര്‍ക്കാര്‍ എന്ന സന്ദേശം കൂടി വഹിച്ചാണ് കലാജാഥ മുന്നോട്ടു പോകുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഡിറ്റിഒ തോമസ് മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിന്‍ കലാഭവനിലെ കലാകാരന്മാരുടെ പരിപാടികള്‍, വികസന വീഡിയോ പ്രദര്‍ശനം തുടങ്ങിയവ കലാജാഥയെ ആകര്‍ഷകമാക്കി. ജില്ലയിലെ പ്രധാനപ്പെട്ട 10 കേന്ദ്രങ്ങളില്‍ കലാജാഥ പര്യടനം നടത്തി.