പൊതുസേവന മേഖല അഴിമതിരഹിതവും കാര്യക്ഷമവുമാക്കുമെന്നും കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനവും പി എം എ വൈ ആവാസ് പ്ലസ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങൾക്കു ലഭിച്ച അധികാരവും സമ്പത്തും ഉപയോഗിച്ച് ജനങ്ങൾക്ക് മികച്ച സേവനം എത്തിക്കുന്നതിൽ മത്സരിക്കണം. വളരെ മികച്ച മത്സരമാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് നടത്തിയിരിക്കുന്നത്. ഓഫീസുകൾ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാകണമെന്നും പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ നല്ല രീതിയിൽ പരിഹാരം കാണാനാകണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ എം ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഓഫീസുകളുടെ സേവനം ഇനിമുതൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ തന്നെ ലഭ്യമാകും. പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന ഓഫീസുകളിൽ 53.90 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ലിഫ്റ്റ് സൗകര്യത്തോടു കൂടിയ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസും 12.02 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വനിത ശിശു വികസന പദ്ധതി ഓഫീസും 12.01 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ക്ഷീരവികസന ഓഫീസുമാണ് മന്ത്രി നാടിന് സമർപ്പിച്ചത്.
പി എം എ വൈ അവാസ് പ്ലസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ രമ്യാ നിഷാന്ത്, വരവൂർ ഗ്രാമപഞ്ചായത്ത് വാർഡ് എട്ടിലെ ആരിഫ ബഷീർ പടലക്കോട്ടിൽ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പെരുമത്ത് വീട്ടിൽ രതീഷ് പ്രതിഭ, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 11 ലെ കൊലവൻ വീട്ടിൽ അമ്മു, തെക്കുംകര ഗ്രാമപഞ്ചായത്ത് വാർഡ് 15 ലെ ലീല കുട്ടൻ താണിക്കൽ തുടങ്ങിയ ഗുണഭോക്താക്കൾക്ക് ഭവനങ്ങളുടെ താക്കോൽ കൈമാറൽ ചടങ്ങും നടന്നു.
2022-23 വർഷത്തെ ദേശീയ സമ്പാദ്യ പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ എം പി കെ ബി വൈ ഏജന്റ് മാരായ പി കെ ജയന്തി, എൻ എൽ അൽഫോൺസ, എം കെ പാറുക്കുട്ടി, പി അംബിക തുടങ്ങിയവരെയും മികച്ച കർഷകരായ മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ തെക്കുംകര വിളക്കത്തല നാരായണൻ നായർ, വടക്കാഞ്ചേരി നഗരസഭയിലെ ചിറ്റിലപ്പിള്ളി അജു സി ജേക്കബ്, തെക്കുംകര ഗ്രാമപഞ്ചായത്തിലെ വിരോലിപാടം എഴുത്തച്ഛൻ വളപ്പിൽ മോഹനൻ, വരവൂർ ഗ്രാമപഞ്ചായത്തിലെ കൊറ്റുപുറം കനകം, ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വാളോരി വീട്ടിൽ ഗോപാലകൃഷ്ണൻ നായർ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പട്ടില പുഴങ്ങര രാമനുണ്ണി മേനോൻ, വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് ഇല്ലിക്കോട്ടിൽ ഇ എ സതീശൻ. ക്ഷീരകർഷകരായ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഗോപു നന്ദിലത്ത് പൂത്തോൾ, വരവൂർ ഗ്രാമപഞ്ചായത്തിലെ പി എൻ രേഖ, വരവൂർ ഗ്രാമപഞ്ചായത്തിലെ വസന്തകുമാരി തുടങ്ങിയവരെ ആദരിച്ചു. മികച്ച വർണ്ണക്കൂട്ട് അങ്കണവാടിയായി തെരഞ്ഞെടുത്ത എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ശങ്കരങ്കാവ് അങ്കണവാടിയെയും അനുമോദിച്ചു.
ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ, എഡിഎ എൻ കെ അജിത്ത് മോഹൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എസ് ബസന്ത് ലാൽ, പി പി സുനിത, ടി വി സുനിൽകുമാർ, കെ ജയരാജ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജലീൽ ആദൂർ, പി സാബിറാ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൺ മാരായ എം കെ ശ്രീജ, വി ജി ദിപു പ്രസാദ്, പുഷ്പ രാധാകൃഷ്ണൻ, പി എ യു പ്രൊജക്റ്റ് ഡയറക്ടർ സറീന റഹ്മാൻ, തൃശ്ശൂർ പ്രിൻസിപ്പാൾ കൃഷി ഓഫീസർ സൈജ ജോസ്, തൃശ്ശൂർ ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ വീണ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.