ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആറ് വയസ് വരെ പ്രായമുള്ള അങ്കണവാടി കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പിന്റെ രണ്ടാം ഘട്ടം ജൂണ്‍ 17 ന് സംഘടിപ്പിക്കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമസമിതി എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
ആറു മാസം മുതല്‍ മൂന്നു വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള ഡേ കെയര്‍ സംവിധാനം വിപുലപ്പെടുത്തുമെന്നും കാര്യക്ഷമമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നുണ്ടെന്നും ജനപ്രതിനിധികളുടെ പൂര്‍ണ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി മുന്നോട്ട് പോകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ബേബി ക്രഷെ യൂണിറ്റുകളുടെ നിലവിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. തുടര്‍പഠനവുമായി ബന്ധപ്പെട്ടുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ.ജി. ദീപു, എക്സിക്യൂട്ടീവ് അംഗങ്ങളായ സുമ നരേന്ദ്ര, ടി. രാജേഷ് കുമാര്‍, മീരാ സാഹിബ്, കെ. ജയകൃഷ്ണന്‍, സംസ്ഥാന നോമിനി പ്രൊഫ. ടി.കെ.ജി. നായര്‍, എഡിസി ജനറല്‍ കെ.ഇ. വിനോദ് കുമാര്‍, വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ഡോ. കെ.കെ. ശ്യാം കുമാര്‍, പി. പ്രഭാത് തുടങ്ങിയവര്‍ പങ്കെടുത്തു.