ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി ജൂൺ അഞ്ചിന് ഹരിത സഭ നടത്തും. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും സഭയിൽ നടക്കും.
മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്ന് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്യാമ്പയിന്റെ ഭാഗമായി സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും ജനകീയ ചര്‍ച്ചയ്ക്കും വിശകലനത്തിനുമായി ചേരുന്ന ജനകീയ വേദിയാണ് ഹരിതസഭ. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില് 2023 മാര്ച്ച്‌ 15 ലെ അവസ്ഥയില് നിന്നും ഉണ്ടായ പുരോഗതി-മാറ്റങ്ങള്, പുരോഗതി കൈവരിക്കുന്നതിനായി നടത്തിയ പ്രത്യേക പ്രവര്ത്തനങ്ങള്, നൂതന പരിപാടികള്, പ്രവര്ത്തനങ്ങളില് നേരിട്ട പ്രതിസന്ധികളും തടസ്സങ്ങളും, അവ പരിശോധിക്കുന്നതിനു സ്വീകരിച്ച നടപടികളും ജനകീയ പരിശോധനക്ക് വിധേയമാക്കുക എന്നിവയാണ് ഹരിതസഭയുടെ ലക്ഷ്യങ്ങള്. ഹരിത സഭയ്ക്ക് മുന്നോടിയായി ബ്ലോക്ക്‌ സെൽ യോഗം ഇന്ന്‌
ചേരും. ജൂൺ ഒന്നിന് പഞ്ചായത്ത്‌ തല അവലോകന യോഗവും ചേരും.
ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനായി 5000 സന്നദ്ധ പ്രവർത്തകർ പങ്കുചേർന്നിട്ടുണ്ട്. ജില്ലാ ആസൂത്രണ ഭവനിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അധ്യക്ഷനായി. ശുചിപൂർണ പദ്ധതി തുടർ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ് തോമസ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ സി ദിദിക തുടങ്ങിയവർ സംസാരിച്ചു.