*രോഗികളുടെ കൈയ്യിൽ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സർക്കാരിന് കഴിയുന്നു
*’അനുഭവ് സദസ്‘ ദേശീയ ശിൽപശാല രാജ്യത്തിന് മാതൃക
എല്ലാവർക്കും ആരോഗ്യ പരിരക്ഷ സർക്കാരിന്റെ ലക്ഷ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികൾക്ക് അവരുടെ സ്വന്തം കൈയ്യിൽ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സർക്കാരിനാകുന്നു. ഓരോ വർഷവും വളരെയധികം പേർക്കാണ് അധികമായി സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. 2019-20ൽ 5 ലക്ഷത്തിൽ താഴെയായിരുന്നെങ്കിൽ 2022-23ൽ 6.45 ലക്ഷത്തോളം പേർക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. 2021-22 സാമ്പത്തിക വർഷത്തിൽ, ദേശീയ തലത്തിൽ പിഎം-ജെവൈയുടെ ബജറ്റ് ചെലവ് 3116 കോടി രൂപയായിരുന്നെങ്കിൽ അതേ വർഷം കേരള സർക്കാർ 1563 കോടി രൂപയുടെ സൗജന്യ ചികിത്സാ ധനസഹായമാണ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളത്തിന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിലവിലുള്ള സ്‌കീമുകൾ സംയോജിപ്പിച്ച് കൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. കേന്ദ്ര പിന്തുണയുള്ളതും പൂർണമായും സംസ്ഥാന ധനസഹായമുള്ളതുമായ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് 5 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാക്കുന്നത്. കാസ്പിൽ ഉൾപ്പെടാത്ത 3 ലക്ഷത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങളുടെ ചികിത്സാ ചെലവുകൾക്കായി കാരുണ്യ ബെനവലന്റ് ഫണ്ടും സംസ്ഥാനത്തുണ്ട്. നിലവിൽ കാസ്പിന് കീഴിൽ വരുന്ന 42 ലക്ഷം ഗുണഭോക്താക്കളിൽ 20 ലക്ഷത്തിലധികം പേർ പൂർണമായും സംസ്ഥാന ധനസഹായമുള്ളവരാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. ഇത് രാജ്യത്തെ ഏറ്റവും ഉയർന്നതാണ്.
18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ആരോഗ്യ കിരണം പദ്ധതി കാസ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ക്യാൻസർ സുരക്ഷാ സ്‌കീം, താലോലം, ശ്രുതിതരംഗം എന്നീ പദ്ധതികൾ കാസ്പിൽ സംയോജിപ്പിക്കുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകുന്ന ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 5863 കുട്ടികൾക്കും 2023-ൽ മാത്രം 412 കുട്ടികൾക്കും സേവനം ലഭ്യമാക്കി. എല്ലാവർക്കും പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി ത്രീഡി പ്രിന്റ് ചെയ്ത ബ്രെയിൽ ബെനിഫിഷറി കാർഡ് പുറത്തിറക്കി. ആശുപത്രികളിൽ യൂണിഫോം കിയോസ്‌ക് അവതരിപ്പിച്ച ആദ്യ സംസ്ഥാനം കൂടിയാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ ധനസഹായ രംഗത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ‘അനുഭവ് സദസ്’ ശിൽപശാല രാജ്യത്തിന് മാതൃകയാണ്. ആരോഗ്യ ധനസഹായവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനം സംഘടിപ്പിച്ച രാജ്യത്തെ ആദ്യ പരിപാടിയാണ് അനുഭവ് സദസ്. പത്തോളം സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, ലോകാരോഗ്യ സംഘടന, നീതി ആയോഗ് തുടങ്ങിയവയുടെ വിദഗ്ധരും പങ്കെടുത്തു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. പി.കെ. ജമീല, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ഇ ഹെൽത്ത് പ്രോജക്ട് ഡയറക്ടർ അനു കുമാരി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു.